ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സി ഇന്ന് ഐസ്വാള്‍ എഫ്സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. നിലവില്‍ ഓരോ ജയവും സമനിലയുമായി നാല് വീതം പോയിന്റാണ് ഇരുടീമിനുമുള്ളത്. സ്വന്തം തട്ടകത്തിലെ ആദ്യമത്സരമാണ്.
ശ്രീനിധി ഡെക്കാനെ 3:2ന് തോല്‍പ്പിച്ചാണ് സീസണ്‍ തുടങ്ങിയത്. റിയല്‍ കശ്മീരുമായി 1-1 സമനില. മലയാളിതാരം വി.പി സുഹൈര്‍, ഉറുഗ്വേ താരം മാര്‍ട്ടിന്‍ ഷാവേസ് തുടങ്ങിയവരുള്ള മുന്നേറ്റ നിരയാണ് ഗോകുലത്തിന്റെ കരുത്ത്. ഗോളടിക്കുന്നതിനൊപ്പം ഗോള്‍ വഴങ്ങുന്നു എന്നതാണ് പ്രധാന വെല്ലുവിളി.
‘ആരാധകര്‍ക്കുമുന്നിലെ ആദ്യമത്സരമാണ്. മികച്ച കളി അനുഭവത്തിനൊപ്പം വിജയവും സമ്മാനിക്കും’- ഗോകുലത്തിന്റെ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ റുവേഡ പറഞ്ഞു. ആരാധകരുടെ വലിയ പിന്തുണ കരുത്താകുമെന്ന് വി പി സുഹൈറും പറഞ്ഞു. ‘മിസോറമില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ കാലാവസ്ഥയില്‍ കളിക്കുകയെന്നത് വെല്ലുവിളിയാണ്. എങ്കിലും മുഴുവന്‍ കഴിവും പുറത്തെടുത്ത് വിജയം നേടും’– ഐസ്വാള്‍ കോച്ച് വിക്ടര്‍ പറഞ്ഞു. ഗ്യാലറിയില്‍ വനിതകള്‍ക്ക് പ്രവേശനം സൗജന്യമാണ്. 50 രൂപയാണ് ഗ്യാലറി ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 30 രൂപ.