ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്
ഇന്ത്യന്‍ ഫുട്‌ബോളിലെ കരുത്തരായ മോഹന്‍ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാളിനേയും അട്ടിമറിച്ച് കേരള എഫ്.സിയുടെ പോരാട്ടവീര്യം. എവേ മത്സരത്തിലേറ്റ തോല്‍വിക്ക് സ്വന്തംതട്ടകത്തില്‍ മധുരപ്രതികാരം ചെയ്ത കേരള ടീം, ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബംഗാളിലെ മുന്‍നിരക്ലബിനെ കെട്ടുകെട്ടിച്ചത്. അത്യന്തം നാടകീയത നിറഞ്ഞ പോരാട്ടത്തില്‍ അണ്ടര്‍ 22 താരങ്ങളായ കിവി സിമോമി, അര്‍ജുന്‍ ജയരാജ് എന്നിവരാണ് കേരളത്തിനായി ലക്ഷ്യംകണ്ടത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ജാപ്പനീസ് താരം കാറ്റ്‌സുമി യുസ സന്ദര്‍ശകര്‍ക്കായി ആശ്വാസജയം നേടി. ആക്രമണ പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞതോടെ സുന്ദരഫുട്‌ബോളിനാണ് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. മികച്ച പാസിങ് ഗെയിം പുറത്തെടുത്ത കേരളത്തിന്റെ നിരവധി ഷോട്ടുകള്‍ നിര്‍ഭാഗ്യംകൊണ്ട് മാത്രമാണ് വലയിലെത്താതിരുന്നത്. രണ്ടാംപകുതിയില്‍ കളിപരുക്കനായതോടെ നിരവധിതവണ റഫറിക്ക് കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു.
കേരള ടീം ക്യാപ്റ്റന്‍ ഇര്‍ഷാദിനും ഈസ്റ്റ് ബംഗാള്‍ ക്യാപ്റ്റന്‍ അര്‍ണബ് കുമാര്‍ മന്‍ഡലിനും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടിവന്നു. ഒരുഗോളിന് പിന്നിട്ട്‌നിന്ന ശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ കേരളം തുടര്‍ച്ചയായി രണ്ടാംഹോംമത്സര ജയവുമായി തലയുയര്‍ത്തിയാണ് മടങ്ങിയത്.
ഇരുടീമും പ്രതിരോധം കാത്ത്‌നീങ്ങിയ ആദ്യ പകുതി വിരസമായിരുന്നു. ചില ഒറ്റപ്പെട്ട നീക്കങ്ങളൊഴിച്ചാല്‍ കാര്യമായ നീക്കങ്ങളുണ്ടായില്ല. മികച്ച പന്തടക്കവും പാസും പുറത്തെടുത്ത കേരളത്തിനായിരുന്നു ആദ്യ പകുതിയില്‍ മേല്‍ക്കൊയ്മ. മികച്ച ഫോമില്‍കളിക്കുന്ന കേരളത്തിന്റെ വിദേശതാരം മഹ്മൂദ് മിര്‍സ അജ്മി ആദ്യപകുതിയില്‍ പരിക്കേറ്റ് പുറത്തേക്ക് പോയത് പ്രതികൂലമായി. കളിയുടെ ഒഴുക്കിന് വിപരീതമായി ബംഗാളാണ് ആദ്യം വല ചലിപ്പിച്ചത്. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു സന്ദര്‍ശകരുടെ ഗോള്‍. വലത് വിംഗിലൂടെ പന്തുമായി മുന്നേറിയ കവിന്‍ പീറ്ററിനെ ബോക്‌സിനുള്ളില്‍ കേരള പ്രതിരോധ താരം ഇമ്മാനുവല്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ബംഗാളിന്റെ ജാപ്പനീസ് താരം കാറ്റ്‌സുമി യുസക്ക് പിഴച്ചില്ല.(1-0)
രണ്ടാംപകുതിയില്‍ ആക്രമണത്തിന് വേഗംകൂട്ടിയ കേരളം ലക്ഷ്യത്തിനായി നിരന്തരം ബംഗാള്‍ അതിര്‍ത്തിയിലേക്ക് ഇരമ്പിയെത്തി. 53ാം മിനുട്ടില്‍ കേരളം സമനില ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചെത്തി. ഇടത് വിംഗിലൂടെ അര്‍ജുന്‍ നല്‍കിയ പാസ് സ്വീകരിച്ച് ഇര്‍ഷാദ് നല്‍കിയ ക്രോസില്‍ കിവി ഉതിര്‍ത്ത ഷോട്ട് ബംഗാള്‍ ഗോളിയുടെ കൈയ്യില്‍ തട്ടി വലയിലെത്തുകയായിരുന്നു. 72ം മിനുട്ടില്‍ ബംഗാളിന്റെ ഗോളെന്നുറച്ച ഒരു ഷോട്ട് കേരള ഗോളി ബിലാല്‍ ഹുസൈന്‍ ഖാന്‍ കുത്തിയകറ്റി അപകടം ഒഴിവാക്കി. തൊട്ടുപിന്നാലെ അടുത്തിടെ കേരളടീമിനൊപ്പം ചേര്‍ന്ന ഉഗാണ്ടന്‍ സൂപ്പര്‍താരം ഹെന്റി കിസീക്കക്ക് കേരളത്തെ മുന്നിലെത്തിക്കാന്‍ രണ്ട് അവസരങ്ങള്‍ ലഭിച്ചു. ബോക്‌സിന് സമീപത്ത് നിന്നും ഉതിര്‍ത്ത ഒരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിതെറിച്ചപ്പോള്‍ ബോക്‌സിനുള്ളില്‍ നിന്നുള്ള ഒരു ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടിതെറിക്കുകയായിരുന്നു.
ഒടുവില്‍ 86ാം മിനിറ്റില്‍ കേരളം കാത്തിരുന്ന നിമിഷമെത്തി. മലയാളിതാരം സല്‍മാന്റെ പാസില്‍ നിന്നും ബോക്‌സിന്റെ വലത് ഭാഗത്ത് നിന്നും അര്‍ജുന്‍ ജയരാജ് നല്‍കിയ ക്രോസ് ബംഗാള്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു. ഗോള്‍ മടക്കാനായി വംഗനാട്ടുകാര്‍ നിരന്തരം ശ്രമിച്ചെങ്കിലും കേരള പ്രതിരോധത്തില്‍തട്ടി നിഷ്പ്രഭമായി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈം അടക്കം അവസാന 15 മിനുട്ട് മത്സരം പലപ്പോഴും കൈയ്യാങ്കളില്‍ തടസ്സപ്പെട്ടു. വിജയത്തോടെ പോയന്റ് ടേബിളില്‍ കേരളം ഒരുസ്ഥാനം മെച്ചപ്പെടുത്തി എട്ടാമതെത്തി. ഈസ്റ്റ് ബംഗാള്‍ മൂന്നാംസ്ഥാനത്ത് തുടരുന്നു. മികച്ച സേവുകള്‍ പുറത്തെടുത്ത കേരള ഗോള്‍കീപ്പര്‍ ബീലാല്‍ ഹുസൈനാണ് കളിയിലെ താരം. മിനര്‍വ്വ പഞ്ചാബുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.