X

ഐ ലീഗ്: ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ച് ഗോകുലം

ടി.കെ ശറഫുദ്ദീന്‍

കോഴിക്കോട്: ഐലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ അട്ടിമറിച്ച് ഗോകുലം കേരള എഫ്.സി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത്. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മലയാളിതാരം എസ് രാജേഷ് 60-ാം മിനുട്ടില്‍ നേടിയ ഏകഗോളിലാണ് ആതിഥേയര്‍ സ്വന്തം തട്ടകത്തില്‍ സീസണിലെ രണ്ടാംജയം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം മുന്നേറികളിച്ച ജയന്റ് കില്ലേഴ്സിന് വേണ്ടി മുന്നേറ്റവും പ്രതിരോധവും അവസരത്തിനൊത്തുയര്‍ന്നു. അഞ്ച് കളിയില്‍ നിന്ന് എട്ട് പോയന്റുമായാണ് ഗോകുലം ടേബിളില്‍ മുന്നേറ്റം നടത്തിയത്. നാല് മത്സരത്തില്‍ മൂന്ന് പോയിന്റ് മാത്രമുള്ള മിനര്‍വ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജേഷാണ് കളിയിലെ താരം.
മലയാളിതാരങ്ങളായ വി.പി സുഹൈര്‍- ഗനി അഹമ്മദ് നിഗം- എസ്.രാജേഷ് നീക്കമാണ് ആദ്യഗോളിന് വഴിയൊരുക്കിയത്. വലതുവിങ്ങില്‍ നിന്ന് പന്തുമായി മുന്നേറിയ വി.പി സുഹൈര്‍ ബോക്സില്‍ മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്ന ഗനിക്ക് നീ്ട്ടിനല്‍കിയ പന്ത് സ്വീകരിച്ച് ഗനി നല്‍കിയ ക്രോസ് രണ്ട് മിനര്‍വ പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് രാജേഷ് ഹെഡ്ഡ് ചെയ്തു വലയിലാക്കി. കഴിഞ്ഞ ഹോം മാച്ചില്‍ ഷില്ലോങ് ലജോങിനായി നേടിയ രാജേഷ്-ഗനി കൂട്ടുകെട്ടിനെ ഓര്‍മ്മപ്പെടുത്തുന്നതായി ഇന്നലത്തെ ഗോള്‍. മുന്‍ മത്സരങ്ങളേതുപോലെ രണ്ടാംപകുതിയിലാണ് ഗോകുലം കൂടുതല്‍ ആക്രമിച്ചു കളിച്ചത്.
മുപ്പതിനായിരത്തോളം കാണികള്‍ക്ക് മുന്നില്‍ കളിയുടെ തുടക്കം മുതല്‍ മുന്നേറികളിച്ച ഗോകുലം അര്‍ഹിച്ച ജയം നേടിയെടുക്കുകയായിരുന്നു. ഷില്ലോഗ് ലജോംഗിനെതിരായ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയ കോച്ച് ബിനോ ജോര്‍ജ്ജിന്റെ തീരുമാനം ശരിവെക്കുന്നവിധത്തിലാണ് ഗോകുലം കളിച്ചത്. വിംഗുകളിലൂടെയുള്ള മുന്നേറ്റങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. മലയാളിതൊാരങ്ങളായ എസ്. രാജേഷ്, ഗനി അഹമ്മദ് നിഗം മിനര്‍വ പഞ്ചാബ് ഗോള്‍ബോക്സിലേക്ക് നിരന്തരം അക്രമണം നടത്തിയെങ്കിലും പഞ്ചാബ് വന്‍മതില്‍ തകര്‍ത്ത് മുന്നേറാനായില്ല. രണ്ടാംപകുതിയില്‍ മധ്യനിരതാരം അര്‍ജുന്‍ ജയരാജിനേയും പ്രീതം സിംഗിനേയും കളത്തിലിറക്കി ആക്രമത്തിന് മൂര്‍ച്ചകൂട്ടി. കഴിഞ്ഞ മത്സരത്തിലേതിന് വിഭിന്നമായി പ്രതിരോധത്തില്‍ ഡാനിയല്‍ അഡോയും കെ.ദീപകും അര്‍ജന്റീനന്‍ താരം ഗില്ലെര്‍മെ കാസ്ട്രോയും അവസരത്തിനൊത്തുയര്‍ന്നതോടെ കേരള ഗോള്‍കീപ്പര്‍ ഷിബിന്‍രാജിന് വലിയ വെല്ലുവിളിയുണ്ടായില്ല. പഞ്ചാബിന് വേണ്ടി നൈജീരിയന്‍ സ്ട്രൈക്കര്‍ ഡൊണാട്ടസ് എഡാഫെ ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും കേരള കോട്ടയില്‍തട്ടി തകര്‍ന്നു.
കളിയുടെ 43ാം മിനിറ്റില്‍ മിനര്‍വ്വ ക്യാപ്റ്റന്‍ ലാന്‍സിനെ ടുറെയുടെ ക്രോസില്‍ നൈജീരിയന്‍ സ്ട്രൈക്കര്‍ ഡൊണാട്ടസ് എഡാഫെയുടെ ജംപിംഗ് ഹെഡ്ഡര്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയത് അവിശ്വസിനീയമായാണ് ആരാധകര്‍ കണ്ടത്. ഫല്‍ഡ്ലിറ്റ് പണിമുടക്കിയതിനെ തുടര്‍ന്ന് ആദ്യപകുതിയില്‍ 20 മിനിറ്റ് മത്സരം തടസപ്പെട്ടു. 30ന് വൈകീട്ട് അഞ്ചിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: