പഞ്ച്കുള: ഐ-ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള ഗോകുലം എഫ്.സിയുടെ കുതിപ്പ് തുടരുന്നു. ലീഗിലെ കരുത്തരായ മിനര്‍വ പഞ്ചാബിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഗോകുലം ടീം ഒരു ഗോളിന് ജയിച്ചു. 76-ാം മിനുട്ടില്‍ ഉഗാണ്ടന്‍ താരം ഹെന്റി കിസേക്കയുടെ സിസ്സര്‍ കട്ട് ഗോളിലാണ് ഗോകുലം തുടര്‍ച്ചയായ മൂന്നാം ജയം നേടിയത്. ആറ് മത്സരത്തിനിടെ ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന ടീമിന്റെ അഞ്ചാം ജയമാണിത്. ഇതോടെ ഗോകുലം പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്കു മുന്നേറി.
മോഹന്‍ ബഗാനെ അവരുടെ തട്ടകത്തിലും ഈസ്റ്റ് ബംഗാളിനെ കോഴിക്കോട്ടും തറപറ്റിച്ച ആത്മവിശ്വാസത്തിലിറങ്ങി ഗോകുലം സ്റ്റാര്‍ട്ടിങ് ഇലവനില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഡാനിയല്‍ അഡ്ഡോ, മുഹമ്മദ് ഇര്‍ഷാദ്, മഹ്മൂദ് അല്‍ അജ്മി എന്നിവര്‍ക്കു പകരം യഥാക്രമം ഷിനു എസ്, ബല്‍വിന്ദര്‍ സിങ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ടീമിലെത്തി.
ഇരുടീമുകളും കരുതലോടെ കളിച്ച തുടക്ക നിമിഷങ്ങള്‍ക്കു ശേഷം 26-ാം മിനുട്ടില്‍ കേരള ടീമിന് സുവര്‍ണാവസരം ലഭിച്ചു എന്ന് തോന്നിച്ചെങ്കിലും ബോക്‌സിനുള്ളില്‍ വെച്ച് എറിക് ഡാനോ പന്ത് കൈകൊണ്ട് തൊട്ടതിന് റഫറി പെനാല്‍ട്ടി വിധിച്ചില്ല. 66-ാം മിനുട്ടില്‍ അര്‍ജുന്‍ ജയരാജ് ബോക്‌സിനു പുറത്തുനിന്ന് തൊടുത്ത വോളി മിനര്‍വയുടെ ക്രോസ്ബാറിനെ വിറപ്പിച്ച് മടങ്ങിയത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. 70-ാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് റാഷിദിന്റെ ഷോട്ടും ക്രോസ്ബാറില്‍ തട്ടി വിഫലമായതോടെ ദൗര്‍ഭാഗ്യം സന്ദര്‍ശകര്‍ക്കു വിനയാകുമെന്ന് തോന്നി.
ജയരാജിനു പകരം കളത്തിലെത്തിയ മുഹമ്മദ് സലാഹ് തുടങ്ങി വെച്ച നീക്കമാണ് ഗോകുലത്തിന് ഭാഗ്യം കൊണ്ടുവന്നത്. ഗോള്‍ലൈനിനരികില്‍ നിന്ന് സലാഹ് പിന്നിലേക്ക് നല്‍കിയ പന്ത് വലതുബോക്‌സില്‍ നിന്ന് ലകാറ ചെത്തിയുയര്‍ത്തി നല്‍കി. ചാടിയുയര്‍ന്ന കിസേക്ക ഹെഡ്ഡറുതിര്‍ത്തെങ്കിലും ക്രോസ്ബാറില്‍ തട്ടി മടങ്ങി. മൈതാനത്തില്‍ കുത്തിയുയര്‍ന്ന പന്ത് തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെ കിസേക്ക വലയിലാക്കുമ്പോള്‍ മിനര്‍വ ഗോള്‍കീപ്പര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
17 മത്സരങ്ങള്‍ കളിച്ച നെറോക്കയാണ് 31 പോയിന്റുമായി ലീഗില്‍ ലീഡ് ചെയ്യുന്നത്. 15 കളിയില്‍ 29 പോയിന്റോടെ മിനര്‍വ രണ്ടാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാള്‍ (26), മോഹന്‍ ബഗാന്‍ (24), ഷില്ലോങ് ലജോങ് (17) ടീമുകളാണ് ഗോകുലത്തിനു മുന്നിലുള്ളത്. അടുത്ത ശനിയാഴ്ച ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മാര്‍ച്ച് രണ്ടിന് ഐസ്വാള്‍, ആറിന് മോഹന്‍ ബഗാന്‍ ടീമുകളാണ് ഗോകുലത്തിന്റെ ഇനിയുള്ള എതിരാളികള്‍. ഇതില്‍ ബഗാനെതിരായ മത്സരം കോഴിക്കോട്ടും മറ്റുള്ളവ എവേ ഗ്രൗണ്ടുകളിലുമാണ്. ആദ്യ ആറ് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്താല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്നതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ഗോകുലത്തിന് നിര്‍ണായകമാണ്.