നീതിദേവതക്ക് ഇനി പുതിയ രൂപം. സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്ക് ഇനി പുത്തന്‍ രൂപമായിരിക്കും. കണ്ണ് മൂടിക്കെട്ടാതെ കൈയില്‍ ഭരണഘടനയും പിടിച്ച് നില്‍ക്കുന്ന നീതിദേവതയെ ആണ് ഇനി കാണുക. ഇതുവരെ, കണ്ണുമൂടിക്കെട്ടി ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളുമായി നില്‍ക്കുന്ന നീതിദേവതയായിരുന്നു.
കണ്ണുകള്‍ തുറന്ന് വെക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാള്‍ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരമാണ് നീതിദേവതക്ക് പുതിയ രൂപം നല്‍കിയത്.
‘നിയമം ഒരിക്കലും അന്ധമല്ല, എല്ലാവരെയും തുല്യരായി കാണുകയാണ് ചെയ്യുന്നത് എന്ന ദൃഢനിശ്ചയമാണ് ചീഫ് ജസ്റ്റിസിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നീതിദേവതയുടെ രൂപം മാറ്റണം. ഒരു കൈയില്‍ നിര്‍ബന്ധമായും അവര്‍ പിടിച്ചിരിക്കേണ്ടത് ഭരണഘടനയാണ്, വാളല്ല. നീതിദേവത നീതിക്കുവേണ്ടി നിലകൊള്ളുന്നത് ഭരണഘടനാനുസൃതമായിരിക്കണം. വാള്‍ അക്രമത്തിന്റെ പ്രതീകമാണ്. എന്നാല്‍ കോടതികള്‍ നീതിവിധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന നിയമത്തിലൂടെയാണെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.
അതേസമയം കണ്ണുമൂടിക്കെട്ടിയ നീതിദേവത ആര്‍ത്ഥമാക്കുന്നത് മുഖം നോക്കാതെ തുല്യനീതി നടപ്പാക്കുക എന്നതിനെയാണ്. നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണെന്നും സമ്പത്തോ, അധികാരമോ മറ്റ് സാമൂഹിക മാനദണ്ഡങ്ങളോ കാണാതെ നിയമം നടപ്പാക്കുക എന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നത്. അതുപോലെത്തന്നെ അനീതിയെ ശിക്ഷിക്കാനുള്ള അധികാരത്തിന്റെ പ്രതീകമായിട്ടാണ് വാള്‍ നിലനില്‍ക്കുന്നത്.
അതേസമയം നീതിദേവതയുടെ വലതു കൈയിലെ ത്രാസ് പുതിയ പ്രതിമയിലും തുടരും. ഇരുഭാഗവും കേട്ട ശേഷം സമൂഹ നന്മക്കായി കൃത്യമായ വിധിനിര്‍ണയത്തിലേക്ക് എത്തുകയെന്നതാണ് ത്രാസ് അര്‍ത്ഥമാക്കുന്നത്.