X

ഗോവ മുഖ്യമന്ത്രി പരീക്കര്‍ ചികിത്സക്കായി വിദേശത്ത്; സഖ്യ സര്‍ക്കാര്‍ ഭിന്നിപ്പിന്റെ വക്കില്‍

പനാജി: ആഗ്നേയ ഗ്രന്ധിയിലെ കാന്‍സറിനായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിദേശത്ത് ചികിത്സക്ക് പോയതോടെ ഗോവയിലെ സഖ്യ സര്‍ക്കാറില്‍ ഭിന്നത രൂക്ഷമാകുന്നു. സഖ്യ പാര്‍ട്ടികള്‍ക്കു പുറമെ ബി.ജെ. പി എം.എല്‍.എമാരും ഖനന നിയന്ത്രണ വിഷയത്തില്‍ സര്‍ക്കാറിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത് ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
പരീക്കറിന്റെ അഭാവത്തില്‍ മൂന്ന് മന്ത്രിമാരും ചീഫ് സെക്രട്ടറിയും പരീക്കറിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന് ഖനന നിരോധനത്തിന് പ്രോട്ടോകോള്‍ നിര്‍മിച്ചതിനെതിരെ ബി.ജെ.പി എം.എല്‍.എ നിലേഷ് കബ്രാള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗോവയില്‍ സര്‍ക്കാറില്ലാത്ത അവസ്ഥയാണെന്നും ഭരണമെന്നത് എല്ലാ അര്‍ത്ഥത്തിലും നിശ്ചലമാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മുഖ്യമന്ത്രി മൈക്കല്‍ ലോഭോയും സര്‍ക്കാറിനെതിരെ രംഗത്തുണ്ട്. പാര്‍ട്ടി കേന്ദ്ര നേതൃത്വം ഗോവയിലെത്തി പ്രശ്‌ന പരിഹാരം കാണണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഖനന നിരോധനം പതിനായിരത്തോളം ഗോവക്കാരെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ സര്‍ക്കാറിന്റെ നിലനില്‍പിനെ അത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോ ണ്‍ഗ്രസിനെ മറിച്ചിട്ട് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ സഹായിച്ചത് പരീക്കറിന്റെ നേതൃത്വമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം ഗോവയില്‍ സര്‍ക്കാറിനെ വീഴ്ത്താന്‍ കാരണമാകുമെന്നാണ് സഖ്യ കക്ഷികളും പറയുന്നത്.

chandrika: