X

കര്‍ണ്ണാടകക്കുമേല്‍ വീണ്ടും ബി.ജെ.പി രോഷം; കന്നഡികര്‍ തന്തയില്ലാത്തവരെന്ന് ഗോവന്‍ മന്ത്രി

ബെലഗാവി: കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന കര്‍ണ്ണാടകക്കുമേല്‍ വീണ്ടും ബിജെപി രോഷം. കര്‍ണ്ണാടക ജനതയെ ഹറാമീസ്( തന്തയില്ലാത്തവര്‍) എന്നുവിളിച്ചധിക്ഷേപിച്ച് ഗോവന്‍ മന്ത്രി. ഗോവന്‍ ജലവിഭവമന്ത്രി വിനോദ് പാലിയങ്കറാണ് കന്നഡികരെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയത്.

കര്‍ണ്ണാടകക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ,ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ ജലം കന്നടക്കാര്‍ വഴിതിരിച്ചുവിടുകയാണെന്നും മന്ത്രി ആരോപിച്ചു. താന്‍ ജലവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഗോവയിലേക്ക് വെള്ളം വരുന്ന വഴിയില്‍ നിന്നും കര്‍ണ്ണാടക്കാര്‍ വെള്ളം തിരിച്ചുകൊണ്ടുപോവുകയാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മുന്നിലാണ് കന്നട ജനതയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ മന്ത്രി നടത്തിയത്.

അവര്‍ ഹറാമി ജനതയാണ് അവര്‍ എന്തും ചെയ്യുമെന്നുമാണ് മന്ത്രി പറഞ്ഞത്. മഹാദായി നമ്മുടെ അമ്മയാണ്. കര്‍ണാടകയിലെ കര്‍ഷകരെ നാം എന്തിന് പരിഗണിക്കണമെന്നും മന്ത്രി ചോദിച്ചു. ജല ട്രൈബ്യൂണലിന്റെ വിധി വരുന്നത് വരെ കര്‍ണാടകക്ക് വെള്ളം വിട്ടു നല്‍കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ അധിക്ഷേപ പരാമര്‍ശത്തെ എതിര്‍ത്ത് കര്‍ണ്ണാടകയിലെ ഭരണപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ വികസനം ഒന്നും നടക്കുന്നില്ലെന്ന് പറഞ്ഞ് ആദ്യം നരേന്ദ്ര മോദിയും, പിന്നീട് അധകൃതരെന്നു പറഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ഇപ്പോള്‍ കന്നടക്കാര്‍ തന്തയില്ലാത്തവരെന്ന് പറഞ്ഞ് ഗോവന്‍ മന്ത്രിയും കര്‍ണ്ണാടകയെ അധിക്ഷേപിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ റിസ്‌വാന്‍ അര്‍ഷാദ് ട്വീറ്റ് ചെയ്തു. കര്‍ണ്ണാടക സ്വാഭിമാന്‍ എന്ന ഹാഷ് ടാഗോടെയാണ് എംഎല്‍എ ട്വീറ്റ് ചെയ്തിരിക്കുന്നത്.

chandrika: