X

പഠനകാലത്തെ ഗോള്‍ക്കീപ്പര്‍-ലുക്മാന്‍ മമ്പാട്

കൗമാരകാലത്ത് കോഴിക്കോടു കേന്ദ്രീകരിച്ച് താമസിച്ചു പഠിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഹൈസ്‌കൂള്‍ പഠനം പരപ്പില്‍ എം.എം.എച്ച.എസിലായിരുന്നു. വര്‍ഷങ്ങള്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ച സഹപാഠി പി.വി അബ്ദുളളക്കോയ ആ കാലം ഓര്‍ക്കുമ്പോഴും ആദരവിന്റെ ഭാഷ. അന്നേ വിവാദത്തിനോ പ്രശ്‌നങ്ങള്‍ക്കോ നില്‍ക്കാറില്ല. എല്ലാവരോടും വലിയ സ്‌നേഹമായിരുന്നു. പാണക്കാട്ടെ കുട്ടി എന്ന നിലക്ക് അധ്യാപകര്‍ പോലും ആദരവോടെയാണ് കണ്ടിരുന്നത്. ഹൈദരലി ശിഹാബ് തങ്ങളാവട്ടെ സയ്യിദ് കുടുംബത്തിലെ അംഗം എന്ന നിലക്കുള്ള കുലീനതയും വ്യക്തിത്വവും സൗമ്യതയും കാത്തു സൂക്ഷിച്ചിരുന്നു.എം.കെ റോഡിലുളള കുടുംബ വീട്ടില്‍ താമസിച്ചാണ് സ്‌കൂളിലേക്ക് വന്നിരുന്നത്. പലപ്പോഴും ഒന്നിച്ചാണ് പോക്കും വരവും. ഇരുന്നതും ഒരേ ബെഞ്ചില്‍. മൂന്നു വര്‍ഷം ഒന്നിച്ച് പഠിച്ചിട്ടും ഒരിക്കല്‍ പോലും മോശമായി പെരുമാറുകയോ ശബ്ദം ഉയര്‍ത്തി സംസാരിക്കുകയോ ചെയ്തില്ല. ഫുട്ബാളില്‍ അന്ന് വലിയ കമ്പമായിരുന്നു. ഗോളി നില്‍ക്കലായിരുന്നു ഇഷ്ടം. പാട്ടുപാടില്ലെങ്കിലും ആസ്വദിക്കും. തമാശ ഇഷ്ടമാണെങ്കിലും ആരെയും പരിഹസിക്കാന്‍ അനുവദിക്കില്ല.

പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് മുഖമുദ്ര. സ്‌നേഹത്തോടെയാണ് എല്ലാവരോടുമുള്ള പെരുമാറ്റം. വളരെ പാവപ്പെട്ടവര്‍ക്ക് കഴിയും വിധം രഹസ്യമായി സഹായം ചെയ്യും. സാമാന്യം നല്ല നിലയിലാണ് 1965ല്‍ എസ്.എസ്.എല്‍.സി വിജയിച്ചത്. സയര്‍സ് വിഷയങ്ങള്‍ക്കായിരുന്നു കൂടുതല്‍ മാര്‍ക്ക്.

എസ്.എസ്.എസ്.എല്‍.സിക്ക് ശേഷം കൂനഞ്ചേരി ദര്‍സിലും പൊന്നാനി മഊനത്തിലും പഠിച്ച ശേഷമാണ് പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഫൈസി ബിരുദം നേടിയത്. മൂത്ത ജ്യേഷ്ടന്‍ മുഹമ്മദലി ശിഹാബ് തങ്ങളെ പോലെ വിദേശത്ത് പോയി പഠിക്കാന്‍ അദ്ദേഹത്തിനും ആഗ്രമുണ്ടായിരുന്നെങ്കിലും പിതാവിന്റെ വിയോഗത്തോടെ അതുപേക്ഷിക്കുന്നത്.

അബൂദാബിയില്‍ അദ്ദേഹം വരുമ്പോള്‍ അവിടെ ജോലിയുള്ള എന്നോടൊപ്പമാണ് അധികവും കഴിഞ്ഞത്. കെ.എം.സി.സി നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌നേഹം കലവറയില്ലാതെയുണ്ടായിരുന്നു. സമാനമായിരുന്നു, എല്ലാ കൂട്ടുകാരോടും ഉണ്ടായിരുന്നത്. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും കേള്‍ക്കാനും ആശ്വാസം പകരാനും സദാ ശ്രമിച്ചു.നാല്‍പത് വര്‍ഷത്തിനു ശേഷം 1965ലെ എസ്.എസ്.എല്‍.സി ബാച്ചുകാര്‍ ഒന്നിച്ചു കൂടി. അന്നദ്ദേഹം അറിയപ്പെടുന്ന നേതാവാണ്. വെറുമൊരു സഹപാഠിയായി മുഴുനീളം അതില്‍ പങ്കെടുത്തു അദ്ദേഹം. പഴയ അതേ സൗമ്യതയും സ്‌നേഹവും. ഹൈസ്‌കൂള്‍് ക്ലാസില്‍ ഒന്നിച്ചു പഠിച്ച അമ്പത് സഹപാഠികളെയും പേരെടുത്ത് വിളിച്ചാണ് ഞങ്ങളെ അദ്ദേഹം അല്‍ഭുതപ്പെടുത്തിയത്. അസാധ്യമായ ഓര്‍മ്മ ശക്തിയായിരുന്നു.

എല്ലാവരുടെയും പേരുകള്‍ അറിയാവുന്ന ഒരേയൊരാള്‍ ഹൈദരലി തങ്ങള്‍ മാത്രമായിരുന്നു. പിന്നെയും ഞങ്ങള്‍ ഒത്തുകൂടി. അന്നു ചിലരെ കാണുന്നില്ലല്ലോയെന്നായി അദ്ദേഹം. മൂന്നു പേര്‍ അസുഖം ബാധിച്ച് വിശ്രമത്തിലാണെന്ന് അറിഞ്ഞ അദ്ദേഹം തൊട്ടടുത്ത ദിവസങ്ങൡ അവരുടെയൊക്കെ വീട്ടില്‍ പോയി സ്‌നേഹ ബന്ധം പുതുക്കി. കോഴിക്കോടിനോട് കൗമാരത്തിലെ ബന്ധം സദാ നിലനിര്‍ത്തി. കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നാണ് വിവാഹം കഴിച്ചത്.

Test User: