മുംബൈ: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ മൂന്നാം ദിനം ഗോള്‍ പെരുമഴ. നാല് മല്‍സരങ്ങളില്‍ നിന്നായി പിറന്നത് 21 ഗോളുകള്‍…! ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു ഗോള്‍ മഴ കാര്യമായത്. ഗ്രൂപ്പ് ഇയില്‍ ഇവിടെ ആദ്യം നടന്ന മല്‍സരത്തില്‍ ശക്തരായ ഫ്രാന്‍സ് 7-1ന് പാവപ്പെട്ട ന്യൂകാലിഡോണിയക്കാരെ തരിപ്പണമാക്കിയപ്പോള്‍ രാത്രി നടന്ന പോരാട്ടത്തില്‍ ജപ്പാന്‍ 6-1ന് ഹോണ്ടുറാസിനെ മുക്കി. അതായത് 180 മിനുട്ടില്‍ ഗോഹട്ടിയിലെ കാണികള്‍ കണ്ടത് 15 ഗോളുകള്‍.
ഗ്രൂപ്പ് എഫ് മല്‍സരങ്ങള്‍ക്ക് വേദിയായ കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവഭാരതി സ്‌റ്റേഡിയത്തില്‍ വൈകീട്ട് നടന്ന അങ്കത്തില്‍ ഇംഗ്ലണ്ടുകാര്‍ ചിലിയുടെ വലയില്‍ നാല് തവണയാണ് പന്ത് നിക്ഷേപിച്ചത്. ലാറ്റിനമേരിക്കന്‍ വീര്യവുമായി വന്ന ചിലിക്കാര്‍ ഇംഗ്ലീഷ് കുതിപ്പില്‍ നാമാവശേഷമായപ്പോള്‍ രാത്രി നടന്ന ഇറാഖ്-മെക്‌സിക്കോ പോരാട്ടം 1-1 ല്‍ കലാശിച്ചു. ഇറാഖ് തുടക്കത്തില്‍ തന്നെ മുഹമ്മദ് ദാവൂദിന്റെ തകര്‍പ്പന്‍ ഗോളില്‍ ലീഡ് നേടിയെങ്കിലും പിന്നീട് മെക്‌സിക്കോയുടെ കടന്നാക്രമണത്തില്‍ പകച്ചു. ഒടുവില്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടത് ഗോള്‍ക്കീപ്പറുടെ മികവില്‍.
തിങ്കളാഴ്ച്ച ഗ്രൂപ്പ് എയിലും ബിയിലുമായി നാല് മല്‍സരങ്ങള്‍. ഡല്‍ഹിയില്‍ നടക്കുന്ന ഗ്രൂപ്പ് എ പോരാട്ടങ്ങളില്‍ വൈകീട്ട് 5ന് ഘാന അമേരിക്കയുമായി കളിക്കുമ്പോള്‍ രാത്രി എട്ടിന് ഇന്ത്യ കൊളംബിയയെ നേരിടും. ബി യില്‍ തുര്‍ക്കിയും മാലിയും തമ്മില്‍ നവി മുംബൈയില്‍ ആദ്യ മല്‍സരം കളിക്കുമ്പോള്‍ രാത്രിയില്‍ ഇതേ മൈതാനത്ത് പരാഗ്വേ ന്യൂസിലാന്‍ഡുമായി കളിക്കും