പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാറിന്റെ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചു. മനോഹര്‍ പരീക്കര്‍ ഗോവയുടെ രണ്ടു ദിവസത്തേക്ക് മാത്രമുള്ള മുഖ്യമന്ത്രിയാണെന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയുടെ പ്രവചനം സത്യമാകുമോ എന്ന് ഇന്നറിയാം. ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ ഇന്നു വിളിച്ചു ചേര്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഒഴികെ എല്ലാവരുടെയും പിന്തുണ ബിജെപിക്കുണ്ടെന്നാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അവകാശവാദം. വിശ്വാസവോട്ടെടുപ്പിന്റെ വിധി എന്താണെങ്കിലും സഭ ഇന്നു പിരിയും. പിന്നീട് 23നു ചേരുന്ന സഭയില്‍ 24ന് ബജറ്റ് അവതരിപ്പിക്കും.
അതേസമയം നിയമസഭയില്‍ ശക്തി തെളിയിക്കാന്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ എംഎല്‍എമാരെ പാട്ടിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമം ശക്തമാക്കി. വിശ്വാസ വോട്ടെടുപ്പില്‍ പരീക്കര്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞു.