പനാജി/ഛാണ്ഡിഗഡ്: ഗോവയിലും പഞ്ചാബിലും നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ടിനുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1145 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഗോവയിലാകട്ടെ 40 അംഗ നിയമസഭയിലേക്ക് 250 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
നോട്ടു അസാധുവാക്കലിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ ബിജെപിക്കു നിര്‍ണായകമാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതനുസരിച്ച് കോണ്‍ഗ്രസിനാണ് പഞ്ചാബില്‍ മുന്‍തൂക്കം. എന്നാല്‍ ഗോവയില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നുള്ള കടുത്ത മത്സരത്തിനു പുറമെ സഖ്യകക്ഷിയായിരുന്ന എംജിപിയും ശിവസേനയും ഉള്‍പ്പെടെയുള്ളവര്‍ ബദല്‍ മുന്നണി രൂപീകരിച്ചതും ബിജെപിക്ക് തിരിച്ചടിയാകും.
രണ്ടു സംസ്ഥാനങ്ങളിലെയും പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗോവയില്‍ വോട്ട് രേഖപ്പെടുത്തിയ പ്രമുഖരില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമുണ്ട്. സ്ത്രീകള്‍ക്കു മാത്രമുള്ള പിങ്ക് ബൂത്തുകളാണ് ഗോവയിലെ മറ്റൊരു സവിശേഷത.