ചണ്ഡിഗഡ്/ പനാജി: പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം അവസാനിച്ചു. നാളെയാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്തേക്ക് ടെലിവിഷന്‍, റേഡിയോ, പത്രങ്ങള്‍ എന്നിവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു വിടുന്നത് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്.
117 അംഗ പഞ്ചാബ് നിയമസഭയിലേക്കു ഭരണ കക്ഷിയായ ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യം, കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടികള്‍ തമ്മിലുള്ള ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. ഭരണ വിരുദ്ധ വികാരവും മയക്കു മരുന്ന് വ്യാപനവും, നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട ദുരിതം, കര്‍ഷക ആത്മഹത്യ തുടങ്ങിയവയാണ് പഞ്ചാബില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയം. ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നവജ്യോത് സിങ് സിദ്ദുവും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും നയിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ അധികാരത്തില്‍ മടങ്ങി എത്തുമെന്നാണ് മിക്ക തെരഞ്ഞെടുപ്പ് സര്‍വേകളും പ്രവചിക്കുന്നത്.
അതേ സമയം ആംആദ്മി പാര്‍ട്ടി സംസ്ഥാനത്ത് മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സര്‍വേകള്‍ പറയുന്നു. എന്നാല്‍ ഭരണ കക്ഷിയായ ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യം ആപിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്കു പതിക്കുമെന്നാണ് പ്രവചനങ്ങള്‍. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരെ അദ്ദേഹത്തിന്റെ തട്ടകമായ ലംബിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് മത്സരിക്കുന്നത്. ലംബിക്കു പുറമെ പാട്യാലയിലും അമരീന്ദര്‍ മത്സരിക്കുന്നുണ്ട്.
40 അംഗ ഗോവ നിയമസഭയിലേക്കുള്ളതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മുഖ്യ മത്സരം. കഴിഞ്ഞ രണ്ടു തവണയും വിജയിച്ച ബി. ജെ.പി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനങ്ങള്‍. എന്നാല്‍ ഇത്തവണ അധികാരം തിരിച്ചു പിടിക്കുമെന്നാണ് കോ ണ്‍ഗ്രസിന്റെ അവകാശ വാദം. ആംആദ്മി പാര്‍ട്ടിയുടെ രംഗ പ്രവേശമാണ് കോണ്‍ഗ്രസിന് തിരിച്ചടിയാവുക. അതേ സമയം ആര്‍.എസ്.എസ് വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ച സുഭാഷ് വേലിംഗറിന്റെ നേതൃത്വത്തിലുള്ള ജി.എസ്.എം പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം. ജി.പി), ശിവസേന എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മുന്നണി പിടിക്കുന്ന വോട്ടുകള്‍ ബി.ജെ.പിയുടെ സാധ്യതകളെ സാരമായി ബാധിക്കും.