മുംബൈ: കര്‍ണാടകക്കു പിന്നാലെ ഗോവയിലും ബി.ജെ.പിയുടെ കുതിരക്കച്ചവടം. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഗോവയില്‍ കോണ്‍ഗ്രസിന് 15 എം.എല്‍.എമാരാണുള്ളത്. അതിനാല്‍, കൂറുമാറ്റനിയമം തടസ്സമായില്ല. ബുധനാഴ്ച വൈകീട്ട് ഏഴരക്കാണ് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവലേക്കറുടെ നേതൃത്വത്തില്‍ എം.എല്‍.എമാര്‍ സ്പീക്കര്‍ രാജേഷ് പട്‌നേകറെ കണ്ട് കത്തുനല്‍കിയത്.
ഇതോടെ ബി.ജെ.പിയുടെ അംഗബലം 27 ആയി ഉയര്‍ന്നെന്നും സംസ്ഥാനത്തിന്റെയും അവരവരുടെ മണ്ഡലങ്ങളുടെയും വികസനമാണ് ബി.ജെ.പിയില്‍ ചേര്‍ന്നവരുടെ ലക്ഷ്യമെന്നും ഉപാധികളില്ലാതെയാണ് വരവെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ അഞ്ച് അംഗങ്ങളിലേക്കു ചുരുങ്ങിയ കോണ്‍ഗ്രസും എന്‍.സി.പി, എം.ജി.പി പാര്‍ട്ടികളുടെ ഓരോ അംഗങ്ങള്‍ വീതവുമാണ് പ്രതിപക്ഷത്ത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മൂന്നു സ്വതന്ത്രരും ബി.ജെ.പി സര്‍ക്കാറില്‍ ഭാഗമാണ്. ഇതോടെ 40 അംഗ സഭയില്‍ ബി.ജെ.പിയുടെ ശക്തി 33 ആയി.