പനാജി: കൂറുമാറ്റ രാഷ്ട്രീയത്തിന് പേരു കേട്ട ഗോവയില്‍ ഇത്തവണയും ബിജെപി അധികാരത്തിലേക്ക്. 40അംഗ നിയമസഭയില്‍ 20 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. കഴിഞ്ഞ തവണത്തേക്കാള്‍ ഏഴു സീറ്റുകള്‍ അധികം നേടിയെങ്കിലും ഒരു സീറ്റിന്റെ കുറവ് കേവല ഭൂരിപക്ഷത്തിനുള്ള ബി.ജെ.പി ഇതിനായി സ്വതന്ത്രരേയും ചെറുകക്ഷികളേയും കൂട്ടുപിടിച്ച് അധികാരം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്്.
ഏറ്റവും വലിയ ഒറ്റക്കക്ഷി അല്ലാതിരുന്നിട്ടും കഴിഞ്ഞതവണ കോണ്‍ഗ്രസിനെ കാഴ്ചക്കാരാക്കി ഭരണം പിടിച്ചെടുത്ത അതേ മാര്‍ഗമാണ് ബിജെപി ഇത്തവണയും സ്വീകരിക്കുന്നത്. 2017-ല്‍ വെറും 13 സീറ്റുകള്‍ മാത്രം നേടിയാണ് ബിജെപി ഒറ്റരാത്രികൊണ്ട് ഭൂരിപക്ഷം തികച്ച് അധികാരത്തിലെത്തിയത്. ഗോവയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം കൃത്യമായി വീക്ഷിച്ച് തന്ത്രങ്ങള്‍ പയറ്റാന്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചെറുകക്ഷികളുമായും വിജയിച്ച സ്വതന്ത്രരുമായും ബിജെപി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ 17 സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസിന് ഇത്തവണ 11 ഇടത്ത് മാത്രമേ വിജയിക്കാനായുള്ളൂ. കഴിഞ്ഞ തവണത്തേക്കാള്‍ ആറു സീറ്റുകളുടെ കുറവ്. രണ്ട് സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും രണ്ടിടത്തം എം.ജ.പിയും വിജയിച്ചു. ആംആദ്മി പാര്‍ട്ടി രണ്ട് സീറ്റുകള്‍ നേടി. മൂന്ന് സ്വതന്ത്രരും ഒരു സീറ്റില്‍ ആര്‍.ജി.പിയും വിജയിച്ചിട്ടുണ്ട്. തൃണമൂല്‍ സഖ്യത്തിന്റേയും ആംആദ്മി പാര്‍ട്ടിയുടേയും വരവ് പ്രതിപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കിയപ്പോള്‍ നേട്ടം ബി.ജെ.പിയ്ക്ക് അനുകൂലമായി. ഭരണ വിരുദ്ധ വികാരത്തെ പ്രതിപക്ഷ വോട്ടുകളുടെ ഭിന്നിപ്പിലൂടെ മറികടക്കാനായ ബി.ജെ.പിക്ക് ഭരണവും കൈയ്യെത്തും ദൂരത്തായി. മുമ്പ് ഗോവയില്‍ ബിജെപി എന്നാല്‍ മനോഹര്‍ പരീക്കറായിരുന്നു.
എന്നാല്‍ ഇത്തവണ പരീക്കറില്ലാതെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപി, 2017ലേതിനെക്കാള്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബിജെപി ഗോവയില്‍ അധികാരത്തിലേക്കെത്തുന്നത്. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയായിരിക്കും പുതിയ സര്‍ക്കാരിനേയും നയിക്കുകയെന്നാണ് വിവരം. ഗോവയിലെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ സാധിക്കാതിരുന്നതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. തൃണമൂലും ആം ആദ്മി പാര്‍ട്ടിയും ശക്തമായി കളത്തിലിറങ്ങിയപ്പോഴും 60 ശതമാനം വരുന്ന ഹിന്ദു വോട്ടുകളില്‍ കണ്ണുനട്ട് ഗോദയിലിറങ്ങിയ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുമില്ല. പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും കഴിഞ്ഞ തവണ കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ച 17 സ്ഥാനാര്‍ഥികളില്‍ 15 പേരും പാര്‍ട്ടിവിട്ട രാഷ്ട്രീയ സാഹചര്യവും കോണ്‍ഗ്രസിന് തിരിച്ചടിയായി. എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ടതിന് ശേഷം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനും കോണ്‍ഗ്രസിന് സാധിച്ചില്ലെന്നാണ് ജനവിധി വ്യക്തമാക്കുന്നത്. കൂടുവിട്ട് കൂടുമാറ്റം തകൃതിയായി നടക്കുന്ന ഗോവയില്‍ കഴിഞ്ഞതവണ ജയിച്ച 40 എംഎല്‍എമാരില്‍ 24 പേരും അഞ്ച് വര്‍ഷത്തിനിടെ കൂറുമാറിയിരുന്നു. 17 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രില്‍ നിന്നുള്ള ഒഴുക്ക് അവസാനിച്ചപ്പോള്‍ അവശേഷിച്ചത് രണ്ട് എംഎല്‍എമാര്‍ മാത്രമായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷവും ഗോവയിലെ സ്ഥിതിഗതികള്‍ പ്രവചനാതീതമാകുമെന്നാണ് ഗോവയുടെ രാഷ്ട്രീയ ചരിത്രം നല്‍കുന്ന സൂചന.