X

സ്വയം ചോദ്യങ്ങള്‍ ഉണ്ടാക്കുക, ഉത്തരമെഴുതി മാര്‍ക്കും വാങ്ങുക; വേറിട്ട പരീക്ഷയുമായി ഐഐടി

ഗോവ: കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് പരീക്ഷകള്‍ നടത്തുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ പരീക്ഷ നടത്തിപ്പിലെ പഴയ സാമ്പ്രദായരീതിയില്‍ നിന്ന് മാറ്റം വരുത്തിയിരിക്കുകയാണ് ഗോവയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. വിദ്യാര്‍ഥികളെ വിലയിരുത്തുന്നതിനായി സ്വീകരിച്ച രീതി സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

അവസാന സെമസ്റ്ററിലെ അനലോഗ് സര്‍ക്യൂട്ടിന്റെ ചോദ്യപേപ്പറാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടുളള ലെക്ചര്‍ മറ്റീരിയലില്‍ നിന്ന് അറുപത് മാര്‍ക്കിനുളള ചോദ്യങ്ങള്‍ തയ്യാറാക്കുക എന്നതാണ് എഴുപത് മാര്‍ക്കിന്റെ ചോദ്യപേപ്പറിലെ ആദ്യ ചോദ്യം.

കോഴ്‌സിനെ കുറിച്ച് വിദ്യാര്‍ഥികള്‍ മനസ്സിലാക്കിയത് അതില്‍ പ്രതിഫലിക്കണം. രണ്ടുമണിക്കൂറിനുളളില്‍ എഴുതി പൂര്‍ത്തിയാക്കണം. സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യരുത്. ഉത്തരങ്ങളില്‍ സാമ്യത കണ്ടാല്‍ അത് നിങ്ങളുടെ സ്‌കോര്‍ കുറയ്ക്കുമെന്നും ആദ്യ ചോദ്യത്തില്‍ പറയുന്നു. 30 മാര്‍ക്കിന്റേതാണ് ഈ ചോദ്യം.

40 മാര്‍ക്കിന്റെ രണ്ടാമത്തെ ചോദ്യത്തില്‍ വിദ്യാര്‍ഥി തന്നെ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നുമണിക്കൂറാണ് പരീക്ഷയ്ക്ക് ആകെ നല്‍കിയിരിക്കുന്ന സമയം.

Test User: