പനാജി: ഗോവയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി സഖ്യം തകര്‍ച്ചയിലേക്ക്. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് ഗോവ ഫോര്‍വേഡ് നേതാവും മന്ത്രിയുമായ വിജയ് സര്‍ദേശായ് വ്യക്തമാക്കിയതോടെയാണ് രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനത്തും ബി.ജെ.പിക്ക് കാലിടറുന്നത്. ഗോവയിലെ ഖനന മേഖലയിലുള്ള പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ സഖ്യം വിടുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന കാര്യം പുനരാലോചിക്കുമെന്നും ഒരു പാര്‍ട്ടി പരിപാടിയില്‍ വിജയ് സര്‍ദേശായ് പറഞ്ഞു.
ഗോവയിലെ ഖനനം സുപ്രീംകോടതി നിരോധിച്ചതാണ് ഗോവ ഫോര്‍വേഡ് നേതാവ് വിജയ് സര്‍ദേശായിയെ ചൊടിപ്പിച്ചത്. നിരോധനം നീക്കാന്‍ കേന്ദ്രത്തില്‍ ഭരണത്തിലുള്ള ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്നും എത്രയും വേഗം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ബി.ജെ.പിയുമായുള്ള സഖ്യം വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
40 അംഗ ഗോവ അസംബ്ലിയില്‍ 26 സീറ്റുമായാണ് ബി.ജെ.പി നയിക്കുന്ന സഖ്യസര്‍ക്കാര്‍ ഭരിക്കുന്നത്. 16 സീറ്റുമായി കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാണെങ്കിലും 14 സീറ്റുള്ള ബി.ജെ.പി എം.ജി.പി (മൂന്ന്), ഗോവ ഫോര്‍വേഡ് (മൂന്ന്), സ്വതന്ത്രര്‍ (മൂന്ന്), എന്‍.സി.പി എന്നിവരുടെ പിന്തുണയോടെ ഭരണം പിടിക്കുകയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ്സിനൊപ്പം ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കിയതിനു പിന്നാലെ ഗോവയില്‍ എം.ജെ.പി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന ശ്രുതി പരന്നിരുന്നു. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തതോടെ, കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണെങ്കില്‍ ഗോവയില്‍ എന്‍.സി.പിയും ബി.ജെ.പിക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്ന സ്ഥിതി വന്നു. ഇതിനു പിന്നാലെയാണ് ഗോവ ഫോര്‍വേഡ് ബി.ജെ.പിക്കെതിരെ ഭീഷണി മുഴക്കിയരിക്കുന്നത്.
ഗോവയില്‍ നിയമസഭ ചേരുകയാണെങ്കില്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് കോണ്‍ഗ്രസ് വക്താവ് സിദ്ധ്‌നാഥ് ബുയാവോ പറഞ്ഞു. വ്യാഴാഴ്ച കോണ്‍ഗ്രസിന്റെ ‘ജന്‍ ഗണ്‍ മന്‍’ യോഗം മഡ്ഗാവില്‍ ചേര്‍ന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചിരുന്നു.