X

മനോഹര്‍ പരീക്കറുടെ മരണം; മുഖ്യമന്ത്രിയെ കണ്ടെത്താനാവാതെ ബി.ജെ.പി, പിന്തുണ പിന്‍വലിക്കാനൊരുങ്ങി ഗോവ ഫോര്‍വേഡ് പാര്‍ട്ടി

പനാജി: ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരിച്ചതിനു ശേഷവും അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനാവാതെ ബി.ജെ.പി കുഴയുന്നു. പരീക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുമ്പോഴും പകരക്കാരനെ കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും ബി.ജെ.പി പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി ഘടകകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി രംഗത്തെത്തുന്നത്. ഗോവയില്‍ പരീക്കറിനായിരുന്നു പിന്തുണയെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായിയുടെ പ്രതികരണം.

ഗോവയില്‍ ഞങ്ങള്‍ പിന്തുണച്ചത് പരീക്കറിനെയായിരുന്നുവെന്നും അല്ലാതെ ബി.ജെ.പിയെയായിരുന്നില്ലെന്ന് വിജയ് സര്‍ദേശായി പറഞ്ഞു. പക്ഷേ പരീക്കര്‍ ഇന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയെ ഇനി പന്തുണക്കണോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. ഓപ്ഷനുകള്‍ തുറന്നിരിക്കുകയാണ്. ഗോവയില്‍ നമുക്ക് സ്ഥിരത ആവശ്യമുണ്ട്. ഒരു പിരിച്ചുവിടല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയുടെ നിയമസഭാ സമാജികരുടെ യോഗത്തിന് ശേഷമുള്ള തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അതിന് ശേഷം തീരുമാനം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

40 എം.എല്‍.എമാരുള്ള അസംബ്ലിയില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് മൂന്ന് അംഗങ്ങളാണ് ഉള്ളത്. ഗോവയില്‍ ആര്‍ക്ക് സര്‍ക്കാരുണ്ടാക്കണമെങ്കിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പിന്തുണ അനിവാര്യമാണ്. അതേസമയം, അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് ബി.ജെ.പി കേന്ദ്രനേതാക്കള്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നലെ രാത്രിവരെ ചര്‍ച്ച നീണ്ടുവെങ്കിലും തീരുമാനമായിട്ടില്ല.

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവേല്‍ക്കര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് കത്തയച്ചിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാറിനെ പിരിച്ചുവിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ കോണ്‍ഗ്രസിന് 14 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്. ബി.ജെ.പിക്ക് 13 എം.എല്‍.എമാരാണുള്ളത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, എം.ജി.പി പാര്‍ട്ടികളും ഒരു സ്വതന്ത്രനും എന്‍.സി.പി അംഗവും ബി.ജെ.പിയെ പിന്തുണക്കുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ മറികടന്നാണ് ബി.ജെ.പി ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ തിരിച്ചുകൊണ്ടുവന്നാണ് മറ്റ് കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയത്.

chandrika: