പനാജി: വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേകറിന്റെ ഫോണില്‍ നിന്ന് അശ്ലീല വീഡിയോ അയച്ച വാര്‍ത്ത ചര്‍ച്ചയാകുന്നു. അതേസമയം തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് കാട്ടി ഉപമുഖ്യമന്ത്രി സൈബര്‍ സെല്ലിന് പരാതി നല്‍കി.
താന്‍ ഉറങ്ങുമ്പോഴാണ് ഫോണില്‍നിന്ന് ഇത്തരമൊരു സന്ദേശം പോയതെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സൈബര്‍ സെല്ലിന് നല്‍കിയ പരാതിയില്‍ ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉപമുഖ്യമന്ത്രി അംഗമായ ‘വില്ലേജസ് ഓഫ് ഗോവ’ എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചത്.
സംഭവത്തിന് പിന്നാലെ തന്നെ ഉപമുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാവിഭാഗം സംഭവത്തില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ഇതുപോലുള്ള നേതാക്കള്‍ സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലെന്നും, ബിജെപി വനിതാ നേതാക്കള്‍ മൗനം പാലിക്കുന്നതിലൂടെ ഇത്തരം, നേതാക്കളെ സംസ്ഥാനത്തെ നയിക്കാന്‍ അനുവദിക്കുകയാണെന്നും ജിഎഫ്പി വുമണ്‍ വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ലാര റോഡ്രിഗസ് പറഞ്ഞു.