X

മനോഹര്‍ പരീഖറിന്റെ അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഗോവയില്‍ കര്‍ണ്ണാടക മോഡല്‍ അട്ടിമറി സംഭവിക്കുമോ ആകാംക്ഷ ശക്തം

 

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ താഴെയിടാന്‍ ഒരുങ്ങി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍. കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകളുണ്ടായിട്ടും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയ ഡി.കെ ശിവകുമാറിന്റെ തന്ത്രത്തിന്റെ ചുവടുപിടിച്ചാണ് ഗോവയിലും കോണ്‍ഗ്രസ് ചരടുവലികള്‍ ശക്തമാക്കിയിരിക്കയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ ഗംഭീരനീക്കമെന്ന് വിശേഷിപ്പിച്ച് രാഹുല്‍ഗാന്ധി രംഗത്തുവന്നു.

40 സീറ്റുകളുള്ള ഗോവയില്‍ ബിജെപിക്ക് 14 സീറ്റുകളും കോണ്‍ഗ്രസിന് 16 സീറ്റുകളുമാണുള്ളത്. ജിഎഫ്പി, എംജിപി എന്നീ കക്ഷികളുടെ മൂന്നു സീറ്റുകളുടെയും മൂന്ന് സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് സംസ്ഥാനത്ത് ബിജെപി ഭരണംപിടിച്ചത്. ഇതേ തന്ത്രമാണ് കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രയോഗിച്ചത്. ജെഡിയു എംഎല്‍എമാരെ ബിജെപിയുടെ കുതിരക്കച്ചവടത്തിന് വിട്ടുകൊടുക്കാതെ ചേര്‍ത്തുനിര്‍ത്തി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഡി.കെ. ശിവകുമാറിന്റെയും കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെയും ചാണക്യതന്ത്രമായിരുന്നു അതിന് പിന്നില്‍.

ഈ രീതിയില്‍ ഗോവയില്‍ സഖ്യകക്ഷികളെയും സ്വതന്ത്രന്മാരെയും ചേര്‍ത്തുനിര്‍ത്തിയ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്നത് ഗുണകരമാക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കം. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ്, ഗവര്‍ണറോട് ആവശ്യപ്പെട്ടത് പരീഖറിന്റെ അസാന്നിധ്യം ഗുണകരമാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്. ആക്രമണത്തിന്റെ ശക്തികൂട്ടുന്ന കോണ്‍ഗ്രസ് ഈ നീക്കം വിജയിച്ചില്ലെങ്കില്‍ എന്‍ഡിഎ സഖ്യകക്ഷികളെ കൂട്ടുപിടിക്കാനുള്ള ശ്രമമാകും നടത്തുക.

പരീഖറില്ലാത്തിനാല്‍ അത് എളുപ്പം സാധിക്കുമെന്നു തന്നെയാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഭരിക്കാന്‍ ആവശ്യമായ അംഗബലമുണ്ട് എന്ന് ഗോവയിലെ കോണ്‍ഗ്രസ് നേതാവ് കപേല്‍ക്കര്‍ വ്യക്തമാക്കിയതും രാഹുല്‍ ഗാന്ധി ഈ നീക്കത്തെ ഗംഭീരമെന്ന് ട്വിറ്ററില്‍ വിശേഷിപ്പിച്ചതും കോണ്‍ഗ്രസ് കരുതിക്കൂട്ടിയുള്ള പടപ്പുറപ്പാടിലാണ് എന്ന് വ്യക്തമാക്കുന്നു.

 

chandrika: