X

ബി.ജെ.പിക്ക് വെല്ലുവിളി: ഗോവയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

പനാജി: മനോഹര്‍ പരീക്കറുടെ നിര്യാണത്തിനു ശേഷം ഗോവയില്‍ അധികാരത്തിലേറിയ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 36 അംഗ നിയമസഭയില്‍ 21 പേരുടെ പിന്തുണയാണ് ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. സഭയില്‍ വിശ്വാസം നേടാന്‍ ബി.ജെ.പിക്ക് 19 എം.എല്‍.എമാരുടെ പിന്തുണ വേണം. പരീക്കര്‍ അത്യാസന്ന നിലയില്‍ കഴിയുന്ന സാഹചര്യത്തിലും നിര്യാണത്തിനുശേഷവും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പിക്ക് ബുദ്ധിമുട്ടേണ്ടി വന്നിരുന്നു.

നാടകീയതകള്‍ക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചെയാണ് ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനാണ് പ്രമോദ് സാവന്ത്. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തികച്ചു നാടകീയമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. മുഖ്യമന്ത്രിയെ കൂടാതെ 11 അംഗ മന്ത്രിസഭയും ചുമതലയേറ്റു. .പ്രമോദ് സാവന്തിനെ തീരുമാനിച്ചതിന് ശേഷവും തുടര്‍ന്ന ഘടക കക്ഷികളുടെ അവകാശവാദങ്ങളാണ് നടപടികള്‍ വൈകിപ്പിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനം.

അതേസമയം, 14 എം എല്‍ എമാരുള്ള കോണ്‍ഗ്രസ് സഭയില്‍ കരുത്ത് തെളിയിക്കുമെന്ന് അവകാശപ്പെട്ടു. നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

chandrika: