X

ഗോവ വിശ്വാസ വോട്ടെടുപ്പ്: ഭൂരിപക്ഷം തെളിയിച്ച് മനോഹര്‍ പരീക്കര്‍

പനാജി: ഗോവ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ബിജെപി സര്‍ക്കാര്‍. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്. മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന് 22 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചു.

അതേ സമയം വിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത 17 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് 16 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. കോണ്‍ഗ്രസ് എംഎല്‍എ വിശ്വജിത് റാണെ വോട്ടെടുപ്പിനിടയില്‍ ഇറങ്ങിപ്പോയതാണ് കോണ്‍ഗ്രസിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടാക്കിയത്. ഗോവയില്‍ 13 സീറ്റില്‍ വിജയിച്ച ബിജെപി രണ്ടാമത്തെ വലിയ ഒറ്റകക്ഷി മാത്രമായിരുന്നു. പക്ഷേ പ്രാദേശിക പാര്‍ട്ടികളേയും സ്വതന്ത്രരേയും ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണം സാധ്യമായത്.


ബിജെപിയുടെ പഴയ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും (എംജിപി), ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. ഈ രണ്ട് പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായത്. മൂന്ന് സ്വതന്ത്രര്‍ കൂടി ഒപ്പം നിന്നതോടെ ബിജെപിക്ക് 22 എന്ന നിലയില്‍ കേവല ഭൂരിപക്ഷത്തിലും ഒരു വോട്ട് അധികം കിട്ടി. കേന്ദ്ര പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച് പരീക്കറുടെ ഗോവയിലേക്കുള്ള മടങ്ങിവരവാണ് പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിക്ക് ഒപ്പം നില്‍ക്കാന്‍ കാരണം. എന്‍.സി.പി ബി.ജെ.പിക്കു പിന്തുണ നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 17 സീറ്റ് നേടിയിട്ടും വലിയ ഒറ്റ കക്ഷിയായിട്ടും കേവല ഭൂരിപക്ഷത്തിനുള്ള 21 തികയ്ക്കാന്‍ ചെറുകക്ഷികളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കഴിയാതെ വന്നത് ഗോവ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങുന്നതില്‍ പാര്‍ട്ടി നേതൃത്വം കാണിച്ച അലംഭാവമാണ് ബിജെപി മുതലെടുത്തതെന്നും വിജയിച്ചിട്ടും കേവല ഭൂരിപക്ഷത്തിന് നാല് പേരെ കൂടി ഒപ്പം നിര്‍ത്താന്‍ കഴിയാത്തത് വലിയ വീഴ്ചയാണെന്നുമാണ് ഗോവയിലെ കോണ്‍ഗ്രസുകാരുടെ പൊതുവികാരം. സര്‍ക്കാര്‍ രൂപീകരണത്തില്‍ വീഴ്ച്ച വരുത്തിയ നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗോവ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരു വിഭാഗം പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സമീപിച്ചിരുന്നു. അതേ സമയം വിശ്വാസ വോട്ട് നേടിയ ശേഷം കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി പരീക്കര്‍ രംഗത്തെത്തി. ഗോവയില്‍ അവധി ആഘോഷിക്കാന്‍ മാത്രമായെത്തിയാല്‍ ഇങ്ങനെയിരിക്കും കാര്യങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതിന് ശേഷം പ്രതികരിക്കവെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും ഗോവയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങിനേയും കുത്തിയുള്ള പരീക്കറുടെ പ്രതികരണം.

chandrika: