അധികാരത്തിനായി എന്തും ചെയ്യുന്നവരാണ് ആര്‍.എസ്.എസ്സുകാരും ബി.ജെ.പിക്കാരും എന്നാണല്ലോ നാട്ടില്‍പാട്ട്. എന്നാല്‍ ഇത്രയും ചെയ്യുമെന്ന് അധികമാരും നിനച്ചില്ല. സ്വന്തം സംഘകുടുംബാംഗത്തെ തഴഞ്ഞല്ലേ പാര്‍ട്ടി ഗോവയില്‍ പഴയ കോണ്‍ഗ്രസ് നേതാവിന് സീറ്റ് കൊടുത്തുകളഞ്ഞത്. മുന്‍മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനും പാര്‍ട്ടിയെ സംസ്ഥാനത്ത് കെട്ടിപ്പടുത്തവരില്‍ പ്രധാനിയുമായ ലക്ഷ്മികാന്ത് പര്‍സേക്കറിനാണ് ഈയൊരു അക്കിടി പറ്റിയിരിക്കുന്നത്. എന്നാല്‍ അക്കിടി പിണയാനിരിക്കുന്നത് തനിക്കല്ല, സംസ്ഥാന കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതാക്കള്‍ക്കുതന്നെയാണെന്നാണ് പര്‍സേക്കറുടെ വെല്ലുവിളി. അതറിയാന്‍ ഇനി ആഴ്ചകള്‍ മതി. ഫെബ്രുവരി 14നും മാര്‍ച്ച് പത്തിനുമായാണ് ഗോവയിലടക്കം രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത.്
കഷ്ടകാലം വരുമ്പോള്‍ എല്ലാം ഒരുമിച്ച് എന്ന ചൊല്ലുപോലെയാണിപ്പോള്‍ കാവിപ്പാര്‍ട്ടിക്ക്. അതിന്റെ ഇത്തുംഗതയാണ് കടലോര സംസ്ഥാനമായ ഗോവയിലിപ്പോള്‍. ഒന്നും രണ്ടുമല്ല. രണ്ടു മന്ത്രിമാരും എം.എല്‍.എമാരും മുന്‍മുഖ്യമന്ത്രി മനോഹര്‍പരീക്കറുടെ മകനും ഇപ്പോഴിതാ പര്‍സേക്കറും വരെയാണ് ബി.ജെ.പിയോട് റ്റാറ്റാ പറഞ്ഞിരിക്കുന്നത്. ചിലര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പരീക്കര്‍പുത്രന്‍ ഉത്പല്‍ പിതാവിന്റെ തട്ടകമായ തലസ്ഥാന നഗരമായ പനാജിയില്‍തന്നെ സീറ്റ് വേണമെന്ന് പറഞ്ഞെങ്കിലും കൊടുത്തത് മറ്റൊരാള്‍ക്ക്. ഇതോടെയാണ് ഉത്പല്‍ രാജിവെച്ചതും സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ചതും. തൊട്ടു പുറകെയാണ് പര്‍സേക്കറുടെ രാജിയും വെല്ലുവിളിയും. പര്‍സേക്കര്‍ക്ക്പകരം അദ്ദേഹത്തിന്റെ മൂന്നു തവണത്തെ തട്ടകമായ മാന്ത്രേമില്‍ പാര്‍ട്ടി നിര്‍ത്തുന്നത് നിലവിലെ എം. എല്‍.എയും 2018ല്‍ മാത്രം കോണ്‍ഗ്രസ് വിട്ട് വന്നയാളുമായ ദയാനന്ദ് സോപ്‌തേയെ. 2017ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പര്‍സേക്കറെ 7000ത്തിലധികം വോട്ടിന് തോല്‍പിച്ചയാളാണ് സോപ്‌തേ. പോരേ കലിക്ക് കാരണം. ഉത്പലും ലോബോയും പര്‍സേക്കറുമെല്ലാം ബി.ജെ.പിയുടെ ഭാവിമോഹങ്ങളെ കടപുഴക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍വിലയിരുത്തുന്നത്.
2017ല്‍ കോണ്‍ഗ്രസിന് കിട്ടിയ ജനവിധി അട്ടിമറിച്ചാണ് ബി.ജെ.പി ചാക്കിടലിലൂടെ ഗോവയില്‍ അധികാരം പിടിച്ചത്. ക്രിസ്തീയ വിശ്വാസികളാണ് ഈ പഴയ പോര്‍ച്ചുഗീസ് കോളനിയിലെ പ്രമുഖ ന്യൂനപക്ഷമെങ്കിലും ഹൈന്ദവരില്‍ ബ്രാഹ്മണരും ക്ഷത്രിയരും മറാത്തകളും ധാരാളമായുണ്ട്. ന്യൂനപക്ഷങ്ങളെയാണ് ആദ്യം ബി.ജെ.പി പിണക്കിയതെങ്കില്‍ ഉത്പലിലൂടെ ഗാഢസാരസ്വത ബ്രാഹ്മണരെയും പര്‍സേക്കറിലൂടെ മറാത്തകളെയും അകറ്റിയിരിക്കുകയാണ്. പര്‍സേക്കര്‍ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനും ജനറല്‍സെക്രട്ടറി പദവിയടക്കം കൈകാര്യം ചെയ്തയാളുമാണ്. മനോഹര്‍പരീക്കറുടെ കൂടെനിന്ന് ബി.ജെ.പിയുടെ വളര്‍ച്ചക്ക് വളമിട്ട പര്‍സേക്കറെ കൈവിട്ടത് ആര്‍.എസ്.എസ്സുകാരന് ഞെട്ടലുളവാക്കിയതില്‍ അത്ഭുതമില്ല. കുടുംബം ശുദ്ധ മതേതരവാദികളായിരുന്നതിനാല്‍ പര്‍സേക്കറുടെ വര്‍ഗീയ ബാന്ധവത്തെ അന്നേ എതിര്‍ത്തതാണ്. അതൊന്നും കേള്‍ക്കാതെ പോയതാണ് ഈ ഗതികേടിന് കാരണമെന്നാണവര്‍ പറയുന്നത്. അധ്യാപകനായിരുന്നു. ആര്‍.എസ്.എസ് വളണ്ടിയറായിരിക്കവെ 1998ലാണ് ലക്ഷ്മികാന്ത് പര്‍സേക്കറുടെ ബി.ജെ.പി ആഗമനം. 2002ല്‍ 750 വോട്ടുകള്‍ക്ക് മാന്ത്രേമില്‍നിന്ന് കന്നിവിജയം. 2007ലും 2012ലും വിജയാവര്‍ത്തനം. 2014ല്‍ മുഖ്യമന്ത്രി മനോഹര്‍പരീക്കര്‍ കേന്ദ്രപ്രതിരോധ മന്ത്രിയായതോടെ മുഖ്യമന്ത്രിക്കസേരയുടെ നറുക്കുവീണത് ലക്ഷ്മികാന്തിനായിരുന്നു. ജാതിസമവാക്യംതന്നെയാണ് പര്‍സേക്കറെ അന്ന് തുണച്ചത്. 165 സെന്റിമീറ്ററുകാരനായ പര്‍സേക്കറിന്റെ രാഷ്ട്രീയതലയെടുപ്പ് പക്ഷേ 2017ല്‍ അദ്ദേഹത്തെ രക്ഷിച്ചില്ല. സ്വന്തം തട്ടകത്തില്‍ മുന്‍മുഖ്യമന്ത്രിക്ക് പക്ഷേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് അടിയറവ് പറയേണ്ടിവന്നു. അതോടെയാണ് പകരം പ്രമോദ്‌സാവന്ത് മുഖ്യമന്ത്രിയാവുന്നത്. അധികാരത്തിന്റെയും സംഘടനയുടെയും അണിയറകളില്‍ തിരസ്‌കൃതനായിത്തുടങ്ങിയതോടെ കേന്ദ്രനേതൃത്വത്തിനും വേണ്ടാതായി. ഇപ്പോള്‍ സീറ്റുനഷ്ടവും. മോദിയാണ് ഇഷ്ടനേതാവെങ്കിലും ബിരുദാനന്തര ബിരുദധാരിയായ 65 കാരന് രാഷ്ട്രീയ മോഹങ്ങള്‍ അട്ടത്തുവെക്കാറായിട്ടില്ല. 11 കോടിയാണ് രേഖപ്പെടുത്തപ്പെട്ട ആസ്തി. ഭാര്യ സ്മിത. രണ്ടുമക്കളുണ്ട്.
പ്രതിഛായ