ന്യൂഡല്‍ഹി: 55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന് പത്തുലക്ഷം രൂപ പിഴ ഈടാക്കി ഡിജിസിഎ. സംഭവത്തില്‍ വിവിധ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഗോ ഫസ്റ്റ് എയര്‍ലൈന് ഡിജിസിഎ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി.
യാത്രക്കാരെ വിമാനത്തില്‍ കയറ്റാതെ പുറപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ ഗോ ഫസ്റ്റ് എയര്‍ലൈന് നോട്ടീസ് നല്‍കിയത്. ആശയവിനിമത്തിലെ അപര്യാപ്തതയും ഏകോപനത്തിലെ പോരായ്മയുമാണ് വീഴ്ച സംഭവിക്കാന്‍ കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം.
ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിച്ചു. എയര്‍ലൈനിന്റെ ബസില്‍ കയറിയ 55 യാത്രക്കാരെയാണ് വിമാനത്തില്‍ കയറ്റാതെ വിമാനം പുറപ്പെട്ടത്. 55 പേരും എയര്‍ലൈനിന്റെ ബസില്‍ കാത്തിരിക്കെയാണ് വിമാനം പുറപ്പെട്ടത്. 53 പേരെ വേറൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. രണ്ടു യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു.