X

ഗോ ഫസ്റ്റ് എയര്‍ലൈന്‍ മൂന്നു ദിവസത്തെ സര്‍വീസ് റദ്ദാക്കി, പ്രവാസികളില്‍ പ്രതിഷേധം

മസ്‌ക്കറ്റ്: സ്വകാര്യ എയര്‍ലൈനായ ഗോ ഫസ്റ്റ് വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കിയത് പ്രവാസികള്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിനിടയാക്കി. സാങ്കേതിക കാരണങ്ങളാല്‍ ഈ മാസം 3,4,5 തിയ്യതികളില്‍ വിവിധ ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കിയിരിക്കുകയാണ്.

ഇതുമൂലം യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തിനു ക്ഷമ ചോദിക്കുന്നതായും ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തയാറാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും പ്രവാസികള്‍ക്ക് യാത്ര മുടങ്ങിയത് കനത്ത തിരിച്ചടിയായിമാറുകയാണ്.

റദ്ദാക്കിയ സര്‍വീസുകളില്‍ ബുധനാഴ്ചയിലെ മസ്‌കറ്റ് -കണ്ണൂര്‍, കണ്ണൂര്‍ – മസ്‌കറ്റ്, വ്യാഴാഴ്ചയിലെ മസ്‌കറ്റ് – കൊച്ചി സര്‍വീസുകളും ഉള്‍പ്പെടും .

യാത്രക്കാര്‍ 1800 2100 999 എന്ന നമ്പറിലോ feedback@flygofirst.com ഇ മെയില്‍ വഴിയോ ബന്ധപ്പെടണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

അമേരിക്ക ആസ്ഥാനമായുള്ള ജെറ്റ് എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ എഞ്ചിനുകള്‍ വിതരണം ചെയ്യാത്തതിനാലാണ് സര്‍വീസുകള്‍ അടിയന്തിരമായി നിര്‍ത്തലാക്കേണ്ടി വന്നതെന്നാണ് പറയപ്പെടുന്നത്.

ഗോ ഫസ്റ്റിന്റെ അപ്രതീക്ഷിത നടപടിക്ക് എതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട് . യാത്രക്കാരില്‍ ചിലര്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ഡിജിസിഎയ്ക്കും പരാതിനല്‍കിയിട്ടുണ്ട്.

webdesk13: