ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ടുനിരോധനത്തിനെതിനെതിരെ വീണ്ടും വിമര്‍ശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ്. നിരോധനം അനാവശ്യ സാഹസമായിരുന്നുവെന്നും സാങ്കേതികമായും സാമ്പത്തികമായും അത് വേണ്ടിയില്ലായിരുന്നുവെന്നും മന്‍മോഹന്‍ പറഞ്ഞു. ഏതാനും ചില ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ ഒഴിച്ച് ഒരു വികസിത രാഷ്ട്രത്തിലും നോട്ടുനിരോധനം വിജയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊഹാലിയിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ആഗോളവല്‍ക്കരണത്തിനു ശേഷമുള്ള ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയുടെ ശില്‍പ്പി കൂടിയായ മന്‍മോഹന്‍.
2016 നവംബര്‍ എട്ടിനാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി അസാധുവാക്കിയത്. 86 ശതമാനം വരുന്ന കറന്‍സികള്‍ ഒറ്റയടിക്ക് വിനിമയത്തില്‍ നിന്ന് ഇല്ലാതാക്കിയതിന്റെ ആഘാതം ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുകയാണെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
‘നോട്ടുനിരോധനത്തിന്റെ ഫലമായി, കുറച്ചു മാസം മുമ്പ് ഞാന്‍ പ്രവചിച്ചതു പോലെ സാമ്പത്തിക മേഖല താഴേക്കു പോയിക്കൊണ്ടിരിക്കുകയാണ്. നോട്ടുനിരോധനത്തിനൊപ്പം ചരക്കുസേവന നികുതി (ജി.എസ്.ടി) പ്രാബല്യത്തില്‍ വന്നതു കൂടി വളര്‍ച്ചയെ ബാധിച്ചു. ജി.എസ്.ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതാണ്. എന്നാല്‍ ചെറിയ കാലയളവില്‍ അതുണ്ടാക്കുന്ന പരിക്കുകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്’ – മന്‍മോഹന്‍ നിരീക്ഷിച്ചു.
2016-17ലെ അവസാന പാദത്തില്‍ ജി.ഡി.പി വളര്‍ച്ച മികച്ച നിലയിലായിരുന്നു. 6.1 ശതമാനമായിരുന്നു അന്നത്തെ വളര്‍ച്ച. എന്നാല്‍ 2017-18ലെ ആദ്യ പാദത്തില്‍ അത് 5.7 ആയി കുറഞ്ഞു. യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ സാമ്പത്തിക മേഖലയിലെ നിക്ഷേപ നിരക്ക് 35-37 ശതമാനമായിരുന്നു. അതിപ്പോള്‍ 30 ശതമാനത്തിന് താഴേക്കു വന്നു. പൊതുമേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആവശ്യമാണ്. എന്നാല്‍ വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇപ്പോള്‍ പൊതുമേഖലയെ രാജ്യം ആശ്രയിക്കുന്നില്ല. അതോടൊപ്പം തന്നെ വിദേശ വിനിമയ-നിക്ഷേപ സാഹചര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെങ്കില്‍ രാജ്യം ഏഴു മുതല്‍ എട്ടു ശതമാനം വരെ വളര്‍ച്ച കൈവരിക്കണം- അദ്ദേഹം വ്യക്തമാക്കി. സംരംഭകര്‍ക്ക് പണം നല്‍കാനുള്ള ഉത്തരവാദിത്വങ്ങള്‍ ബാങ്കുകള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച ഉയര്‍ന്ന നിലയില്‍ സൂക്ഷിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യ മേഖലയെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് വേണ്ടത്ര രീതിയില്‍ രാജ്യം പണം ചെലവഴിക്കാത്ത മേഖലയാണ് ഇതെന്നായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ മറുപടി. ജി.ഡി.പിയുടെ 30 ശതമാനം മാത്രമാണ് പൊതുമേഖലയില്‍ രാജ്യം ചെലവഴിക്കുന്നത്. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് വലുതല്ല. അടിസ്ഥാന സൗകര്യം, കൃഷി എന്നിവയിലെ നിക്ഷേപം കൂടി സര്‍ക്കാര്‍ പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ടതുണ്ട്.
ആഗോളവല്‍ക്കരണത്തെ കുറിച്ചുള്ള ചോദ്യത്തിന്, അത് അത്യന്താപേക്ഷിതമായ ആഗോള സാഹചര്യമാണെന്നും 25 വര്‍ഷം മുമ്പ് ഇതു മുന്നില്‍ കണ്ടെടുത്ത തീരുമാനങ്ങള്‍ ഇപ്പോള്‍ ശരിയായെന്നും സിങ് പറഞ്ഞു. എല്ലാവര്‍ക്കുമറിയുന്ന പോലെ 1991ലാണ് നമ്മള്‍ സാമ്പത്തിക മേഖലയിലെ ഉദാരവല്‍ക്കരണം പ്രഖ്യാപിച്ചത്. പുതിയ സാമ്പത്തിക നയത്തെ കുറിച്ച് പലര്‍ക്കും സംശയങ്ങളുണ്ടായിരുന്നു. അതെല്ലാം തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. ആഗോളവല്‍ക്കരണം ഇനിയും നിലനില്‍ക്കും. ചൈനയാണ് ആഗോളീകരണത്തിന്റെ യഥാര്‍ത്ഥ ചാമ്പ്യന്‍- രണ്ട് ദശാബ്ദം ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ നിരീക്ഷിച്ചു. ആദ്യം അമേരിക്ക എന്ന യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തിന് ഒരു വര്‍ഷത്തില്‍ക്കൂടുതല്‍ നിലനില്‍പ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ നോട്ടുനിരോധനത്തിനെതിരെ മന്‍മോഹന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ആഗോള ശ്രദ്ധ നേടിയിരുന്നു. ചരിത്രപരമായ പിഴവെന്നും സംഘടിത കൊള്ളയെന്നും സര്‍ക്കാര്‍ തീരുമാനത്തെ വിശേഷിപ്പിച്ച മന്‍മോഹന്‍ ജി.ഡി.പിയില്‍ രണ്ട് ശതമാനത്തിന്റെ ഇടിവു സംഭവിക്കുമെന്നും പ്രവചിച്ചിരുന്നു.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ മാസത്തെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമാണ്. ഒരു വര്‍ഷം മുമ്പ് ഇതേസമയം, 7.9 ആയിരുന്നു വളര്‍ച്ച.