ന്യൂയോര്‍ക്ക്: ആഗോള താപനിലയുടെ വര്‍ധന 1.5 ഡിഗ്രിക്ക് താഴെ പിടിച്ചുനിര്‍ത്താനുള്ള പാരിസ് ഉടമ്പടി പ്രായോഗികമാക്കാന്‍ ലോകത്തെ ഭരണകൂടങ്ങള്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ആഗോളതാപനത്തിന്റെയും തുടര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെയും കെടുതികള്‍ ലോകം ഇതിനകം നേരിട്ടു തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കങ്ങളും കൊടുങ്കാറ്റുകളും ഉഷ്ണക്കാറ്റുകളും വര്‍ദ്ധിച്ചിരിക്കുന്നു. ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നീക്കങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ഭരണകൂടങ്ങള്‍ ഇപ്പോഴും നിഷ്‌ക്രിയത്വം തുടരുകയാണ്.
ആഗോള താപനിലയുടെ കാര്യത്തില്‍ ലക്ഷ്യം കൈവരിക്കണമെങ്കില്‍ കര്‍മ പദ്ധതികള്‍ തയാറാക്കുകയും അടുത്ത എട്ട് വര്‍ഷത്തിനകം നടപ്പാക്കുകയും വേണം. പാരിസ് ഉടമ്പടിയുടെ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഹരിതഗൃഹ വാതക ബഹിര്‍ഗമനം 2030ഓടെ 43 ശതമാനം വെട്ടിക്കുറക്കണമെന്ന് യു.എന്‍ കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. ഇന്ത്യയും ഇന്തോനേഷ്യയും ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ് ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതില്‍ മുന്‍പന്തിയിലുള്ളത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ നേരിടേണ്ടിവരിക ആര്‍ട്ടിക് പ്രദേശങ്ങളാണെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.