ഡര്‍ബന്‍: 2017 അവസാനത്തോടെ ഗ്ലോബല്‍ ടി 20 ലീഗ് ആരംഭിക്കാനുള്ള ശ്രമവുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ മുന്‍നിര താരങ്ങളും ലീഗിന്റെ ഭാഗമാവും. ഇവരോടൊപ്പം രാജ്യാന്തര താരങ്ങളും ലീഗിലെത്തും. എട്ടു ടീമുകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ലീഗ് നടത്തുന്നത്. ഇന്ത്യയിലെ ഐ.പി.എല്‍, ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് മാതൃകകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നിര്‍ദേശവുമായി മുന്നോട്ടു വന്നത്.
ടീമുകള്‍ക്കായുള്ള ഫ്രാഞ്ചൈസി ടെണ്ടര്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പരസ്യം നിരവധി രാജ്യാന്തര മാധ്യമങ്ങളില്‍ നല്‍കിയിട്ടുണ്ട്.
ഇതുവരെ വിപണിയില്‍ നിന്നും ലഭിച്ച മറുപടികള്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും ഗ്ലോബല്‍ ടി 20 ലീഗിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും സി.എസ്.എ ചീഫ്എക്‌സിക്യൂട്ടീവ് ഹാറൂണ്‍ ലോര്‍ഗറ്റ് പറഞ്ഞു.
ദുബൈയില്‍ നടന്ന ഐ.സി.സി യോഗത്തിനിടെയാണ് ലീഗ് പദ്ധതികള്‍ സി.എസ്.എ അവതരിപ്പിച്ചത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ലീഗ് നടത്താനാണ് ആലോചന. ഡിസംബര്‍ 16നാണ് ഫൈനല്‍ നിശ്ചയിച്ചിട്ടുള്ളത്.