X
    Categories: News

ഗ്ലോബല്‍ കെ.എം.സി.സി ജൂലൈയില്‍ നിലവില്‍ വരും: പി.എം.എ സലാം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി പ്രസ്ഥാനവും ജീവകാരുണ്യ സംഘടനയുമായ കെ.എം.സി.സിയുടെ ഗ്ലോബല്‍ സമിതി ജൂലൈയില്‍ നിലവില്‍ വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാം. ദോഹയില്‍ ഖത്തര്‍ കെ.എം.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആദര്‍ശം മുന്നോട്ടുവെക്കുന്ന സംഘടനയാണ്. 70 രാജ്യങ്ങളില്‍ കെ.എം.സി.സി സാന്നിധ്യമുണ്ട്. എല്ലാ രാജ്യങ്ങളിലേയും കെ.എം.സി.സി (കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍) കൂട്ടായ്മകളെ ഏകീകൃത ഭരണ ഘടനയ്ക്കും സംവിധാനത്തിനും കീഴില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.

ഈ വര്‍ഷം ജൂലൈ മാസം കോഴിക്കോട് വെച്ച് ലോക രാജ്യങ്ങളിലെ എല്ലാ കെ.എം.സി.സി ഘടകങ്ങളേയും പങ്കെടുപ്പിച്ച് ശില്‍പ്പശാല സംഘടിപ്പിക്കും. കോവിഡ് കാലത്തും പല പ്രതിസന്ധി ഘട്ടങ്ങളിലും വിദേശ രാജ്യങ്ങളിലെ സര്‍ക്കാര്‍ വരെ കെ.എം.സി.സിയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ പോലുള്ള രാഷ്ട്രങ്ങളിലെ കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ നാം തിരിച്ചറിഞ്ഞതാണ്. സഊദിയില്‍ ഹജ്ജ് സീസണ്‍ വരാനിരിക്കുന്നു. സഊദിയിലെ കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍മാര്‍ അവിടെയുള്ള ഭരണകൂടത്തിന്റെ സേവകരായാണ് പ്രവര്‍ത്തിക്കുന്നത്. തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പ മേഖലകളില്‍ ആശ്വാസവുമായി എത്തിയ സംഘടനാണ് കെ.എം.സി.സി എന്നും അദ്ദേഹം വിശദീകരിച്ചു. ദോഹ സൈത്തൂന്‍ റസ്റ്റോറന്റില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ്, ജനറല്‍സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി.എസ്.എം ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.

webdesk14: