X

ആഗോള ഇസ്ലാമിക ചിന്തകന്‍ യൂസുഫുല്‍ ഖര്‍ദാവി വിടവാങ്ങി

അശ്‌റഫ് തൂണേരി

ദോഹ: ആഗോള മുസ്ലിം പണ്ഢിത സഭാ സ്ഥാപക അധ്യക്ഷനും ലോക പ്രശസ്ത ഇസ്ലാമിക ചിന്തകനും എഴുത്തുകാരനുമായ യൂസുഫുല്‍ ഖര്‍ദാവി (96) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്. ഈജിപ്ഷ്യന്‍ ഖത്തരി കവിയായ അബ്ദുര്‍റഹിമാന്‍ യൂസുഫ് ഇഹാം അല്‍ഖര്‍ദാവി മകനാണ്. ഈജിപ്ത് സ്വദേശിയാണെങ്കിലും ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ സ്ഥിരതാമസക്കാരനാണ്. 120ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2004ല്‍ കിംഗ് ഫൈസല്‍ അന്തര്‍ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടി.

ലോകരാജ്യങ്ങളിലെ ലക്ഷക്കണക്കിന് പ്രേക്ഷരുടെ ശ്രദ്ധേനേടിയ അല്‍ജസീറ അറബിക് ചാനല്‍ സംപ്രേഷണം ചെയ്ത ഖര്‍ദാവിയുടെ ‘അശ്ശരീഅ വല്‍ഹയാത്ത്’ (മതനിയമങ്ങളും ജീവിതവും) എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ഓണ്‍ലൈന്‍ മേഖലയില്‍ ഇസ്ലാമിക വിഷയങ്ങള്‍ ഗഹനമായി അവതരിപ്പിച്ച ഇസ്ലാം ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഈജിപ്തിലെ ഗരീബിയ ഗവര്‍ണ്ണറേറ്റിലെ സാഫ്ത് തുറാബില്‍ ജനിച്ച അദ്ദേഹം രണ്ടാം വയസ്സില്‍ അനാഥനായി. താന്‍തയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇസ്ലാമിക ദൈവശാസ്ത്രത്തില്‍ കൈറോ അല്‍അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും മറ്റൊരു ബിരുദവും കരസ്ഥമാക്കി. ഖുര്‍ആന്‍ ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും അറബ് ഭാഷയില്‍ പ്രാവീണ്യവും സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിനുള്ള പങ്ക് എന്ന വിഷയത്തില്‍ അല്‍അസ്ഹറില്‍ നിന്ന് തന്നെ പി.എച്ഛ്.ഡിയും നേടി.

1961ല്‍ ഖത്തറിലെത്തിയ അദ്ദേഹമാണ് ഖത്തര്‍ സര്‍വ്വകലാശാലയില്‍ ഇസ്ലാമിക പഠനവിഭാഗത്തിന് കീഴില്‍ ശരീഅ വിഭാഗത്തിന് തുടക്കമിട്ടത്. അതേവര്‍ഷം തന്നെ ഖത്തര്‍ സര്‍വ്വകലാശാലയില്‍ ശരീഅ, സുന്ന ഇസ്ലാമിക പഠന ഗവേഷണ കേന്ദ്രവും കോളെജും ആരംഭിച്ചു. അള്‍ജീരിയയിലെ ഇസ്ലാമിക സര്‍വ്വകലാശാലയില്‍ ശാസ്ത്രീയ സമിതി ചെയര്‍മാനായിരുന്നു. ഐയര്‍ലണ്ട് കേന്ദ്രമായി പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെ മുസ്ലിം ന്യൂനപക്ഷത്തിന് പിന്തുണയേകുന്ന യൂറോപ്യന്‍ ഫത്വ കൗണ്‍സില്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹം യു.കെയിലെ പ്രോസ്പകടസ് മാഗസിനും അമേരിക്കയിലെ ഫോറിന്‍പോളിസി മാഗസിനും വായനക്കാരില്‍ നടത്തിയ സര്‍വ്വേയില്‍ ലോകത്തെ 100 പൊതുബുദ്ധിജീവികളില്‍ ഒരാളായും ഇടം നേടി.

Test User: