ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും സ്വകാര്യതയെ ബാധിക്കുമെന്നും ആഗോള ക്രെഡിറ്റ് ഏജന്‍സിയായ മൂഡീസ്. ഇത് ന്യായീകരിക്കുന്ന എന്തെങ്കിലും ഗവഷേണ രേഖയോ തെളിവുകളോ മൂഡീസിന്റെ പക്കല്‍ ഇല്ലെന്ന മറുവാദവുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തി. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഐഡി പ്രോഗ്രാം ആയ ആധാറില്‍ നിന്ന് മിക്കപ്പോഴും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാതിരുന്ന സാഹചര്യമുണ്ടെന്നും ബയോ മെട്രിക് സാങ്കേതികവിദ്യയില്‍ ആധാറിന് വിശ്വാസ്യതയില്ലെന്നും മൂഡീസ് വിമര്‍ശിച്ചു. ആധാറിന്റെ ഡേറ്റ മാനേജ്മന്റ് അപര്യാപ്തമാണെന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഡിറ്റിംഗ് കേന്ദ്രമായ സി.എ.ജി അഭിപ്രായപ്പെട്ട് ഒരു വര്‍ഷമാകുമ്പോഴാണ് മൂഡീസ് ആരോപണവുമായി രംഗത്തെത്തയത്.
വെരിഫിക്കേഷന്‍ നടക്കുന്നത് വിരലടയാളത്തിലൂടെയോ കണ്ണിന്റെ ഐറിസ് സ്‌കാനിങിലൂടെയോ, ഒടിപി വഴിയോ ആണ്. മൂഡീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അതില്‍ ആധികാരികതയുടെയും വിശ്വാസ്യതയുടെയും പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന വിമര്‍ശനമാണുള്ളത്. ഇങ്ങനെ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഐഡി മാത്രമുപയോഗിച്ച് നിരവധി ഡാറ്റാബേസുകളില്‍ ഇടപെടാന്‍ സാധിക്കുന്നത് വളരെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വിമര്‍ശനവും മൂഡീസ് ഉയര്‍ത്തുന്നു. എന്നാല്‍ മറ്റെല്ലാ വെരിഫിക്കേഷന്‍ രീതികള്‍ക്കുമപ്പുറം സുരക്ഷ ഉറപ്പുവരുത്താന്‍ മൊബൈല്‍ ഒടിപി സംവിധാനവുമുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.