തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നോട്ട് പരിഷ്‌ക്കാരം ധീരമായ നടപടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ വിലയിരുത്തലിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ ധീരമായ നടപടിയെന്ന ഗീതാ ഗോപിനാഥിന്റെ വിലയിരുത്തല്‍ അസ്സലായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. നവ ഉദാരവത്ക്കരണത്തിന്റെ ശക്തയായ വക്താവായ ഗീതാ ഗോപിനാഥിനെ ഉപദേശകയാക്കിയാല്‍ ഇതായിരിക്കും ഫലമെന്ന് അന്നേ വി.എസ് അച്യുതാനന്ദന്‍ ഉപദേശിച്ചതാണ്. വി.എസ് ഉപദേശിച്ചതു കൊണ്ടു പിണറായി അത് കേട്ടില്ല. അതിന്റെ ഫലം ഇപ്പോഴെങ്കിലും പിണറായിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടാകും.
മോദിയുടെ നോട്ട് പരിഷ്‌ക്കരണം കാരണം ഇന്ത്യയിലെ സാധാരണക്കാരും പാവപ്പെട്ടവരും തീരാദുരിതത്തിലും പട്ടിണിയിലുമായപ്പോഴാണ് അത് ധീരമായ നടപടി എന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് വാഴ്ത്തിയത്. കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനം നിശ്ചലമായിക്കിടക്കുന്നത് കാരണം ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. സംസ്ഥാനത്തെ ഉല്പാദന മേഖലയും സ്തംഭിച്ച് കിടക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും റിസവ്വ് ബാങ്കിന് മുന്നില്‍ സമരം നടത്തുക പോലും ചെയ്തു. മാത്രമല്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വ കക്ഷി സംഘത്തെ കാണുന്നതിന് പ്രധാനമന്ത്രി വിസ്സമ്മതിച്ചു. തിങ്കളാഴ്ച സംസ്ഥാനത്ത് ഇടതുമുന്നണി ഹര്‍ത്താലും നടത്തുകയാണ്. അപ്പോഴാണ് പ്രധാന മന്ത്രിയുടെ നടപടി ധീരമാണെന്ന് മുഖ്യമന്ത്രിയുടെ ഉപദേശക പറയുന്നത്. സംസ്ഥാനത്തിന്റെ ജീവല്‍പ്രശ്നത്തില്‍ ഇങ്ങനെ ഒരു നിലപാടെടുത്ത ഗീതാഗോപിനാഥിന്റെ ഉപദേശം ഉദാരമായ കാഴ്ചപ്പാടിലാണ് മുഖ്യമന്ത്രി നോക്കിക്കാണുന്നത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലാ പ്രൊഫസര്‍ക്ക് അങ്ങനെ പറയാം എന്നാണ് മുഖ്യമന്ത്രി സമാധാനിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിനും അത് തന്നെയാണോ അഭിപ്രായമെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.