ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്താന്‍ കളമൊരുങ്ങുന്നു. വിവാഹപ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വിവാഹപ്രായം ഉയര്‍ത്തണമെന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം. ഒരാഴ്ചക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ വിദഗ്ധസമിതി ശിപാര്‍ശ ചെയ്യും. ഈ ശിപാര്‍ശയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കേന്ദ്ര ബജറ്റവതരണത്തിനിടെ ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും എന്ന് പറഞ്ഞത്. തുടര്‍ന്ന് ജൂണ്‍ ഒമ്പതിന് ജയ ജറ്റ്ലി അധ്യക്ഷയായ ടാസ്‌ക് ഫോഴ്സിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസും ആണ്‍കുട്ടികളുടെത് 21 വയസുമാണ്. വിദഗ്ധസമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തണമെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുന്നത്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി ആദ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അതേസമയം വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.
പല രാജ്യങ്ങളും വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറക്കുമ്പോള്‍ ഇന്ത്യ വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. യുഎസിലാണ് വിവാഹപ്രായം 21ല്‍ നിന്ന് 18 വയസാക്കി കുറച്ചത്. വിവാഹപ്രായം ഉയര്‍ത്തുന്നത് സാമൂഹിക അരാജത്വത്തിന് കാരണമാവുമെന്നും വിമര്‍ശനമുണ്ട്. 18 വയസില്‍ വോട്ടവകാശം നല്‍കുന്ന രാജ്യത്ത് വിവാഹത്തിന് പക്വതവരാന്‍ 21 വയസാവണമെന്ന് നിയമം കൊണ്ടുവരുന്നതില്‍ എന്താണ് സാംഗത്യമെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.