ന്യൂഡല്‍ഹി: ഇന്ത്യ ഗേറ്റില്‍ ഇന്നലെ നടന്ന ജെഎന്‍യു പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥിനികളെ ബലം പ്രയോഗിച്ച് പുരുഷ പൊലീസ് നീക്കം ചെയ്തതില്‍ രാജവ്യാപകമായി പ്രതിഷേധം ഉയരുന്നു. കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത അശ്വതി അശോകിനെ പുരുഷ പൊലീസുകാര്‍ ബലമായി കയറിപ്പിടിച്ച് നീക്കിയതാണ് വിവാദമായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ വന്നതോടെ് വിഷയം വന്‍ ചര്‍ച്ചയായിരിക്കുകയാണ്.
നേരത്തെ നജീബിന്റെ ഉമ്മയെയും സഹോദരിയേയും മറ്റു വിദ്യാര്‍ത്ഥികളേയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത് വിവാദമായിരുന്നു. നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്.
ജെഎന്‍യു സമരത്തിന്റെ മുന്‍പന്തിയിലുണ്ടാകാറുള്ള മലയാളി കൂടിയായ അശ്വതി എസ്എഫ് ഐ നേതാവാണ്. എറണാകുളം സ്വദേശിനിയായ അശ്വതി അശോക് ജെഎന്‍യുവില്‍ എംഫില്‍ സ്‌കോളറാണ്. നേരത്തേ ഹൈദരാബാദ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നു.
വനിതാ പൊലീസുകാര്‍ ഉണ്ടായിട്ടും പെണ്‍കുട്ടികളെ പുരുഷപൊലീസ് കൈകാര്യം ചെയ്തത് മനപ്പൂര്‍വം അപമാനിക്കാനാണെന്ന വാദം ശക്തമാകുകയാണ്.
വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ഡല്‍ഹി പൊലീസിനെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നതായി ആക്ഷേപമുയരുന്നത്.
നജീബിന്റെ തിരോധാനത്തില്‍ എബിവിപിക്കെതിരെ നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായ പരാതി വ്യാപകമാണ്. ഇതിനിടെയാണ് നജീഹബിന്റെ ഉമ്മക്കും സമരക്കാര്‍ക്കും എതിരെ ഡല്‍ഹി പൊലീസിന്റെ അതിക്രമ സംഭവം. ഡല്‍ഹി പൊലീസ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നതിനാല്‍ ഇത്തരമൊരു നീക്കം മനപ്പൂര്‍വമാണെന്നും ആരോപണമുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ നാണംകെട്ട സമീപനമാണെന്ന് വ്യക്തമാക്കി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി എത്തിയത്.