ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം സമുദായക്കാരുടെ കടകൾ അടിച്ച് തകർത്ത് തീവ്രഹിന്ദുത്വ വാദികൾ. ഒക്‌ടോബർ 29 ചൊവ്വാഴ്ച തെഹ്‌രിയിലെ കീർത്തിനഗർ പ്രദേശത്ത് ഒരു കൗമാരക്കാരിയെ കാണാതായതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ മുസ്‌ലിം സമുദായത്തിൽ പെട്ട യുവാവിന്റെ കട അടിച്ച് തകർക്കുകയായിരുന്നു.
മതപരിവർത്തനവും ലൗ ജിഹാദുമാണ് പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിലെന്ന് നാട്ടുകാരിൽ ചിലർ ആരോപിച്ചു. തുടർന്നാണ് ആക്രമണം നടത്തിയത്. കൗമാരക്കാരിയെ കണ്ടെത്തി തിരോധാനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കീർത്തിനഗർ മാർക്കറ്റ് പരിസരത്ത് നാട്ടുകാർ പ്രതിഷേധിച്ചു.
പെൺകുട്ടിയുടെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് നാട്ടുകാർ മുസ്‌ലിം സമുദായത്തിൽ പെട്ടവരുടെ കടകൾ അടിച്ച് തകർക്കുകയായിരുന്നു.തുടർന്ന് കീർത്തിനഗർ മെയിൻ മാർക്കറ്റിൽ നിന്ന് ജഖാനിയിലേക്ക് റാലി നടത്തി. പ്രതിഷേധങ്ങൾക്കിടെ മാർക്കറ്റ് പരിസരത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതപരിവർത്തനം ചെയ്യുന്നതിനായി ഗൂഢാലോചന നടത്തി വഴിതെറ്റിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ലഖ്പത് ഭണ്ഡാരി ആരോപിച്ചു. ഇതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
ബാർബർ ഷോപ്പ് നടത്തുന്ന യുവാവ് ഒളിവിലാണെന്നും വീട്ടിൽ നിന്ന് കാണാതായ കൗമാരക്കാരിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ലഖ്പത് ഭണ്ഡാരി പറഞ്ഞു.
പിന്നാലെ ബിജ്‌നോർ ജില്ലയിലെ നജിബാബാദ് നിവാസിയായ സൽമാൻ എന്ന യുവാവിനെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.
കാണാതായ പതിനാറുകാരിയുടെ മാതാപിതാക്കൾ ബാർബർ ജോലി ചെയ്യുന്ന സൽമാനെതിരെ പരാതി നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൽമാൻ പീഡിപ്പിക്കുകയും ഇസ്‌ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയുമായിരുന്നെന്ന് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടു.