ലണ്ടന്‍: ജിബ്രാള്‍ട്ടര്‍ ദ്വീപിന്റെ ഭാവിയെ ചൊല്ലി ബ്രിട്ടനും സ്പെയിനും തമ്മില്‍ മൂന്നു നൂറ്റാണ്ടായി തുടരുന്ന തര്‍ക്കം രൂക്ഷമാകുന്നു. ബ്രെക്‌സിറ്റ് ഉടമ്പടി വ്യവസ്ഥയില്‍ ജിബ്രാള്‍ട്ടറുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നയതന്ത്ര ബന്ധങ്ങള്‍ വഷളാക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. സ്‌പെയിനിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ബെക്‌സിറ്റ് കരാര്‍ വ്യവസ്ഥകള്‍ ജിബ്രാള്‍ട്ടറിനു ബാധകമാകൂ എന്ന് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കു മുന്നോടിയായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് വിതരണ ചെയ്ത കരടുരേഖയില്‍ പറയുന്നുണ്ട്.
സ്‌പെയിനിനു പ്രത്യേക വീറ്റോ അധികാരം നല്‍കുന്ന ഈ പരാമര്‍ശമെന്നും ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കിക്കഴിഞ്ഞു. രാഷ്ട്രീയ ഭേദമന്യേ ബ്രിട്ടനിലെ എല്ലാവരും വിവാദ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 35 വര്‍ഷം മുമ്പ് ഫാക്ക്‌ലാന്റ് ദ്വീപുകളെ ചൊല്ലി അര്‍ജന്റീനയുമായുണ്ടാക്കിയതുപോലെ അതിര്‍ത്തി സംരക്ഷണത്തിന് യുദ്ധത്തിനും ബ്രിട്ടന്‍ തയാറാണെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്‍ നേതാവ് മൈക്കല്‍ ഹൊവാര്‍ഡ് പറഞ്ഞു. സ്പാനിഷ് ഭരണത്തിനു കീഴില്‍ ജീവിക്കാന്‍ തയാറല്ലെന്ന് ജിബ്രാള്‍ട്ടറിലെ ജനങ്ങള്‍ വ്യക്തമാക്കിയതാണെന്നും അവരുടെ അനുമതിയില്ലാതെ ദ്വീപിന്റെ പരമാധികാരത്തില്‍ മാറ്റം സാധ്യമല്ലെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലനും വ്യക്തമാക്കി. സ്‌പെയിനുമായി പരമാധികാരം പങ്കുവെക്കുകയെന്ന ആശയം 2002ല്‍ നടത്തിയ ഹിതപരിശോധനയില്‍ ജിബ്രാള്‍ട്ടറിലെ 99 രശതമാനം ജനങ്ങളും തള്ളിക്കളഞ്ഞിരുന്നു. 1704 ആഗസ്ത് നാലിന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഈ ദ്വീപ് വിട്ടുതരണമെന്ന് നൂറ്റാണ്ടുകളായി സ്‌പെയിന്‍ ആവശ്യപ്പെട്ടുവരുന്നുണ്ട്. ബ്രെക്‌സിറ്റ് രേഖയിലെ പരാമര്‍ശത്തെ ചൊല്ലി ബ്രിട്ടീഷ് നേതാക്കളില്‍നിന്നുള്ള ചൂടന്‍ പ്രസ്താവനകളെ സ്പാനിഷ് വിദേശകാര്യ മന്ത്രി അല്‍ഫോന്‍സോ ഡാസ്റ്റിസ് തള്ളിക്കളഞ്ഞു. സ്വതന്ത്ര സ്‌കോട്‌ലാന്‍ഡ് വിഷയത്തില്‍ സ്‌പെയിന്‍ പഴയ നിലപാട് മയപ്പെടുത്തിയതും ബ്രിട്ടനെ ചൊടിപ്പിട്ടിട്ടുണ്ട്. സ്വതന്ത്ര രാഷ്ട്രമായി സ്‌കോട്‌ലാന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനെ സ്‌പെയിന്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇനിമുതല്‍ അത്തരം എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്ന് സ്പാനിഷ ഭരണകൂടം വ്യക്തമാക്കി. ബ്രിട്ടന്‍ ശിഥിലമാകുന്നത് കാണാന്‍ താല്‍പര്യമില്ലെങ്കിലും സ്‌കോട്‌ലാന്‍ഡിന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണെന്നാണ് സ്‌പെയിനിന്റെ ഇപ്പോഴത്തെ നിലപാട്.
- 8 years ago
chandrika
Categories:
Culture