ഇതിഹാസ ഗോള്‍കീപ്പറായ ജിയാന്‍ ല്യൂജി ബഫണിന്റെ യുവന്റസ് കുപ്പായത്തിലെ അവസാന മത്സരം ശനിയാഴ്ച. ഇറ്റാലിയന്‍ ലീഗില്‍ വെറോണയുള്ള മത്സരത്തോടെ നീണ്ട 17 വര്‍ഷമായുള്ള ക്ലബും താരവുമായുള്ള ബന്ധത്തിന് വിരാമമാകും.
2001ല്‍ പാര്‍മയില്‍ നിന്ന് റെക്കോര്‍ഡ് തുക നല്‍കിയാണ് ബഫണിനെ യുവന്റസ് സ്വന്തമാക്കിയത്. ക്ലബ്ബ് പ്രസിഡന്റ് ആന്‍ഡ്രിയ അഗ്‌നെല്ലിയാണ് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ടീം വിടുന്ന കാര്യം മാധ്യങ്ങളെ അറിയിച്ചത്. അതേസമയം ബഫണ്‍ സീസണനവസാനത്തോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിരമിക്കല്‍ പ്രഖ്യാപനം
താരം ഇതുവരെ നടത്തിയിട്ടില്ല.
ശനിയാഴ്ച യുവന്റസ് ജേഴ്‌സിയില്‍ എന്റെ അവസാന മത്സരമായിരിക്കും. രണ്ടാഴ്ച മുമ്പുവരെ ഈ സീസണ്‍ അവസാനത്തോടെ കളം വിടണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പല മികച്ച ഓവറുകളും എന്നെ തേടിവരുന്നുണ്ട്. ഇപ്പോള്‍ എന്റെ ശ്രദ്ധ മുഴുവനും വെറോണക്കെതിരായ മത്സരത്തില്‍ മാത്രമാണ്. ഇതിനു ശേഷം ഉചിതമായ തീരുമാനം എടുക്കും – ബഫണ്‍ പറഞ്ഞു.
യുവന്റസിനായി 655 മത്സരങ്ങളില്‍ വല കാത്ത ബഫണ്‍ ഒമ്പതു സീരി എ കിരീടം, അഞ്ചു സുപ്പര്‍കോപ്പ, നാലു കോപ്പ ഇറ്റാലിയ എന്നീ വിജയങ്ങളില്‍ ക്ലബിനൊപ്പം പങ്കാളിയായി. ഇതിനിടെ പത്തു സീസണില്‍ സീരി എ യിലെ ഏറ്റവും മികച്ച കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. 2015-16 സീരി എ സീസണില്‍ 974 മിനുറ്റുകള്‍ ഗോള്‍ വഴങ്ങാതെ ഏറ്റവും കൂടുതല്‍ മിനുട്ട് ഗോള്‍വഴങ്ങാത്ത കീപ്പറെന്ന റെക്കോര്‍ഡും ബഫണ്‍ സ്വന്തമാക്കി.
റഷ്യന്‍ ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടാനാവത്തതോടെ ദേശീയ മത്സരങ്ങളില്‍ നിന്നും ബഫണ്‍ നേരത്തെ വിരമിച്ചിരുന്നു. ഇറ്റലിക്കായി 176 മത്സരങ്ങളില്‍ കളിച്ച താരം 2006 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇറ്റലിക്ക് ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക ഘടകമായിരുന്നു.