X

കശ്മീര്‍ ജീവിക്കുന്നത് ഭയത്തിനു നടുവിലെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ ഇപ്പോള്‍ ജീവിക്കുന്നത് ഭയത്തിനു നടുവിലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തുകൊണ്ടുള്ള ആഗസ്ത് അഞ്ചിലെ ഉത്തരവിനു ശേഷം സംസ്ഥാനം കടന്നുപോകുന്നത് ഭീതിതമായ സാഹചര്യങ്ങളിലൂടെയാണ്. ജമ്മുവിലും കശ്മീരിലും വ്യാപാര – വാണിജ്യ മേഖലകള്‍ നിശ്ചലമാണ്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. പ്രാദേശിക ഭരണകൂടങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ഒരാഴ്ച നീണ്ട ജമ്മുകശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കശ്മീരില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ ഗുലാം നബി ആസാദ്. രണ്ടു മാസമായി ജമ്മുവിലും കശ്മീരിലും വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. കശ്മീരിലേക്ക് ചരക്കുകള്‍ എത്തുന്നത് ജമ്മുവില്‍ നിന്നാണ്. ശ്രീനഗര്‍ നഗരത്തിലേയും ഗ്രാമ പ്രദേശങ്ങളിലേയും വ്യാപാരികള്‍ ആശ്രയിക്കുന്നത് ജമ്മുവിനെയാണ്. ജമ്മു അടഞ്ഞുകിടന്നാല്‍ കശ്മീരിന്റെ വാണിജ്യ നില പൂജ്യമാണ് -അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ എല്ലാ കാര്യങ്ങളും സാധാരണ നിലയിലല്ല. ബി.ജെ.പി നേതാക്കള്‍ക്കുപോലും ഇക്കാര്യം അറിയാം. എന്നാല്‍ ദേശീയ നേതാക്കളെ ഭയന്ന് അവരില്‍ പലരും കാര്യങ്ങള്‍ പറയാന്‍ മടിക്കുകയാണ്. ബ്ലോക്ക് വികസന സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടി ജനാധിപത്യത്തെ പരിഹസിക്കലാണ്. മുഖ്യാ ധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെല്ലാം തടവിലോ വീട്ടു തടങ്കലിലോ കഴിയുമ്പോള്‍ എന്ത് തെരഞ്ഞെടുപ്പാണ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും മുമ്പെങ്കിലും തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ജന്‍മനാടായ കശ് മീരില്‍ പോകുന്നതില്‍ നിന്നും രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ ഗുലാംനബി ആസാദിനെ തടഞ്ഞിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാ ണ് അദ്ദേഹത്തിന് കശ്മീര്‍ സന്ദ ര്‍ശിക്കാനായത്.

chandrika: