X
    Categories: indiaNews

കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ഗുലാം നബി ആസാദ്

കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ നേതാവുമായ ഗുലാം നബി ആസാദ്. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നുവെന്ന എഎന്‍ഐ വാര്‍ത്ത കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

ദൗര്‍ഭാഗ്യവശാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ഇത്തരം കഥകള്‍ മെനയുന്നുണ്ട്. ഇത് തന്റെ പാര്‍ട്ടിയിലെ നേതാക്കളുടേയും അനുഭാവികളുടെയും മനോവീര്യം തകര്‍ക്കാന്‍ വേണ്ടി മാത്രമാണ് ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് ട്വിറ്ററില്‍ കുറിച്ചു.

ആറുമാസം മുമ്പ് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗുലാം നബി കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി വിട്ട് ഒരാഴ്ചയ്ക്കുശേഷം കശ്മീര്‍ ആസ്ഥാനമായി പുതിയ പാര്‍ട്ടിയും രൂപീകരിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പേരിലാണ് ശ്രീനഗറില്‍ വന്‍ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരണവും പ്രഖ്യാപനവും നടത്തിയത്. എന്നാല്‍, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു പിന്നാലെ കോണ്‍ഗ്രസിനെ പ്രശംസിച്ച് ഗുലാം നബി രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയോട് ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ പാര്‍ട്ടി വിരുദ്ധനല്ലെന്നും കോണ്‍ഗ്രസിന്റെ ചില നയങ്ങളോടു മാത്രമാണ് തനിക്കു പ്രശ്നമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ഗുലാം നബിയെ ഭാരത് ജോഡോ യാത്ര’യുടെ ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ട്. പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ‘ജി 23’ നേതാക്കളായ അഖിലേഷ് പ്രസാദ് സിങും ഭൂപീന്ദര്‍ സിങും അദ്ദേഹത്തെ സമീപിച്ചിരുന്നു. ജോഡോ യാത്രയില്‍ പങ്കെടുക്കണമെന്ന് ഇവര്‍ ഗുലാം നബിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അഖിലേഷിനും ഭൂപീന്ദറിനുമൊപ്പം ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള അംബികാ സോണിയെയും ഗുലാം നബിയെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ചുമതല ഏല്‍പ്പിച്ചതായാണ് വിവരം. ജനുവരി മൂന്നിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തില്‍ ഗുലാം നബി പങ്കെടുക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍ വച്ചായിരിക്കും അദ്ദേഹം യാത്രയുടെ ഭാഗമാകുക. എന്നാല്‍ ഉതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

webdesk11: