കോഴിക്കോട്: മോദി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന മുത്തലാഖ് ബില്‍ മുസ്‌ലിം കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന വിധത്തിലുള്ളതാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ഒന്നിച്ച് മൂന്ന് തവണ തലാഖ് ചൊല്ലുന്നത് നിയമ വിരുദ്ധമാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതിന് മറപിടിച്ചുകൊണ്ടുള്ള നിയമത്തിലെ വ്യവസ്ഥകള്‍ വിഡ്ഡിത്തമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കുടുംബ ബന്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം സിവില്‍ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. മുത്തലാഖ് വിഷയം ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ക്രിമിനല്‍ വ്യവസ്ഥകള്‍ കടന്നു വരുന്നതോടെ മുസ്‌ലിം കുടുംബ ബന്ധങ്ങള്‍ പൂര്‍ണമായും തകരും. ഭാര്യ പരാതിപ്പെട്ടാല്‍ ജാമ്യം ലഭിക്കാത്ത വിധത്തില്‍ ഭര്‍ത്താവ് മൂന്ന് വര്‍ഷം ജയിലില്‍ കിടക്കണമെന്നാണ് പുതിയ വ്യവസ്ഥ. ഇക്കാലയളവില്‍ ഭാര്യക്കും ഭാര്യയുടെ രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കും ജയിലില്‍ കിടക്കുന്ന ഭര്‍ത്താവ് ചെലവിന് കൊടുക്കണമെന്നും പറയുന്നു. ഇത്തരം കാര്യങ്ങള്‍ എങ്ങനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു.