അഷ്‌റഫ് ആളത്ത്
സൂഫി ഗായകരായ സമീര്‍ ബിന്‍സിയും സംഘവും ദമ്മാമിലെത്തുന്നു. മെയ് 25 ന് വ്യാഴാഴ്ച സൈഹാത്ത് റിദ റിസോർട്ടിൽ ഇവരുടെ സൂഫി ഗസലുകളും ഖവ്വാലികളും അരങ്ങേറും. രാത്രി 7.30 ന് പരിപാടികൾ ആരംഭിക്കും. മലബാർ ഹെറിറ്റേജ് കൗൺസിൽ ദമ്മാം ചാപ്റ്ററാണ് ‘കലാം ഇ ഇശ്ഖ്’എന്നപേരിൽ സമീര്‍ ബിന്‍സിയുടെ നേതൃത്വത്തിലുള്ള ഏഴംഗ കലാകാരന്മാരെ സൗദി അറേബ്യയിൽ ആദ്യമായി അവതരിപ്പിക്കുന്നതെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മിസ്റ്റിക് കാവ്യാലാപനത്തിൽ ആസ്വാദക വൃന്ദങ്ങളുടെ ഹൃദയം കവർന്ന പ്രശസ്ത ഗായകൻ സമീർ ബിൻസിക്കൊപ്പം ഇമാം അസിസിയും സംഘാ൦ഗങ്ങളായ മറ്റു പ്രതിഭകളും അകമ്പടി ചേരും.
പുകൾപെറ്റ ഗസലുകളും ഖവാലികളും ഇച്ച മസ്താന്റെ വിരുത്തങ്ങളും ഇവർ അവതരിപ്പിക്കും.
പരിപാടിയോടാനുബന്ധിച്ച് മലബാർ സ്ട്രീറ്റ് ഫെസ്റ്റും ഉണ്ടാകും. സ്ട്രീറ്റ് ഫെസ്റ്റിൽ തട്ടുകട, ദോശ കോർണർ, ചായക്കട, നാടൻ കടികൾ, കൂൾബാർ, ആഭരണശാല, തുണിക്കട, മെഹന്തി കോർണർ, പുസ്തക ശാല തുടങ്ങിയ സ്റ്റാളുകളും ക്രമീകരിക്കുന്നുണ്ട്.
കലാം ഇ ഇശ്ഖ്കിഴക്കൻ പ്രവിശ്യയിലെ ഗസൽ, ഖവാലി പ്രേമികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കുമെന്ന് മലബാർ ഹെറിറ്റേജ് കൗൺസിൽ അറിയിച്ചു. മലബാറിൻറെ ചരിത്രവും പൈതൃകവും പ്രതാപവും അക്കാദമിക്കലായി ഗവേഷണം നടത്തുകയും നവലോക ക്രമത്തിൽ അതിനെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ദൗത്യ മാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഹെറിറ്റേജ് കൗൺസിൽ വിഭാവനം ചെയ്യുന്നതെന്നും അവർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂർ മാലിക് മഖ്ബൂൽ ആലുങ്ങൽ, റഹ്മാൻ കാരയാട്, ഒ.പി. ഹബീബ് സി. കെ. ഷാനി, മുഹമ്മദ് ശമീർ അരീക്കോട് എന്നിവർ സംബന്ധിച്ചു.