ചെന്നൈ: ഗെറ്റ്… സെറ്റ്… റെഡി….! കഴിഞ്ഞ നാല് മാസക്കാലം ഇന്ത്യന്‍ ഫുട്‌ബോളിനെ ആവേശത്തിലാറാടിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി ഒരു മല്‍സരം കൂടി. ശനിയാഴ്ച്ചയിലെ കലാശം. ബംഗളൂരു എഫ്.സി നേരിടാന്‍ ബംഗളൂരുവിലേക്ക് ടിക്കറ്റ് നേടിയിരിക്കുന്നത് അയല്‍പക്കക്കാരായ ചെന്നൈ. മറീന അരീനയില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ചെന്നൈ എഫ്.സി ഗോവയെ തകര്‍ത്തു. ഗോവയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞിരുന്നു. ചെന്നൈക്ക് വേണ്ടി ജെജെ (26, 90),ധനപാല്‍ ഗണേഷ്(29) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഹിറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇത് രണ്ടാം തവണയാണ് ചെന്നൈയിന്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. 2015 ല്‍ നടന്ന ഫൈനലില്‍ ഗോവയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു.
ഗോവയില്‍ ഗോളടിച്ചതിന്റെ മുന്‍തൂക്കം ചെന്നൈക്ക് ഉണ്ടായിരുന്നെങ്കിലും അതൊന്നും കണക്കാക്കാതെയാണ് വീണ്ടും മൂന്നു ഗോളുകള്‍ കൂടി അടിച്ച് വ്യക്തമായ വിജയം അവര്‍ നേടിയത്. വിജയമല്ലാതെ മറ്റൊന്നും തങ്ങളെ ഫൈനലിലെത്തിക്കില്ല എന്നറിയാവുന്ന ഗോവ നിരന്തരം ആക്രമിച്ചെങ്കിലും വലക്ക് മുന്നില്‍ തന്റേടത്തോടെ നിന്ന ചെന്നൈ ഗോളി കരണ്‍ജിത് സിങ് അവരുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി. ഒന്നാം പകുതിയില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടിയ ചെന്നൈ കളിയവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ഒരു ഗോള്‍ കൂടി നേടി ഗോവയെ കെട്ടുകെട്ടിച്ചു.
കളിയുടെ ആദ്യ 20 മിനുട്ടോളം ഗോവയായിരുന്നു ഗ്രൗണ്ട് നിറഞ്ഞ് കളിച്ചത്. ഗോവയുടെ സ്പാനിഷ് താരങ്ങളായ കോറോയും ലാന്‍സറോട്ടെയും ചെന്നൈ പ്രതിരോധത്തെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാക്കി. തുടക്കത്തില്‍ സെല്‍ഫ് ഗോളില്‍ നിന്നും രക്ഷപെട്ട ചെന്നൈ പിന്നീട് പല അവസരത്തിലും ഗോളി കരണ്‍ജിത് സിങ്ങിന്റെ കൃത്യമായ ഇടപെടലുകളിലാണ് രക്ഷപെട്ടത്. 11ാം മിനുട്ടില്‍ ഹ്യൂഗോ ബൂമസ് നല്‍കിയ ത്രൂ പാസില്‍ മന്ദാര്‍ റാവു ദേശായ് എടുത്ത ഷോട്ട് കരണ്‍ജിത് സിങ്ങിനെ കാലിനിടയിലൂടെ വലയിലേക്ക് നീങ്ങി. എന്നാല്‍ പുറകിലുണ്ടായിരുന്ന ചെന്നൈ ക്യാപ്റ്റന്‍ ഹെന്റിക് സെറിനോ പന്ത് അടിച്ചകറ്റി. ഗോവ പിന്നേയും ആക്രമിച്ചു കൊണ്ടിരുന്നു. ചെന്നൈ പ്രതിരോധം കൃത്യമായി അതെല്ലാം തടഞ്ഞു. 14ാം മിനുട്ടില്‍ ബോക്‌സിന് പുറത്ത് നിന്നും ലാന്‍സറോട്ടെ എടുത്ത ഫ്രീകിക്കും കരണ്‍ജിത് സിങ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനുട്ടില്‍ ലാന്‍സറോട്ടെയുടെ കോര്‍ണര്‍ കിക്കും രക്ഷപ്പെടുത്തിയത് കരണ്‍ജിത് തന്നെ. അടുത്ത മിനുട്ടില്‍ ഗോവ അവസരം തുറന്നെടുത്തു. കോര്‍ണര്‍ കിക്കില്‍ നിന്നും ലാന്‍സറോട്ടെ പന്ത് കോറോയ്ക്ക് നല്‍കി. അദ്ദേഹത്തിന്റെ ലോബില്‍ സനെയുടെ ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു. 20 മിനുട്ടിനുള്ളില്‍ ഗോവ നേടിയെടുത്തത് ഏഴ് കോര്‍ണര്‍ കിക്കുകളാണ്.
എന്നാല്‍ പിന്നീടങ്ങോട്ട് ചെന്നൈയുടെ ഊഴമായിരുന്നു. ഗോവയുടെ കണക്ക് കൂട്ടലുകളും തെറ്റിച്ചാണ് ആദ്യ ഗോള്‍ അവരുടെ വലയില്‍ കയറുന്നത്. ആക്രമിക്കലാണ് ശരിയായ പ്രതിരോധം എന്ന മനസ്സിലാക്കി അവര്‍ കളിയിലേക്ക് തിരിച്ചെത്തി. 26ാം മിനുട്ടില്‍ അവര്‍ ഗോളടിക്കുകയും ചെയ്തു. ഇടതു വിങ്ങിലൂടെ കയറിയ ഗ്രിഗറി നെല്‍സണ്‍ നല്‍കിയ ക്രോസില്‍ ജെജെ കൃത്യമായി തലവെച്ചു. പന്ത് വലയിലേക്ക് കയറുമ്പോള്‍ മറീന അരീന ഗാലറി പൊട്ടിത്തെറിച്ചു. മൂന്നു മിനുട്ടിനുള്ളില്‍ വീണ്ടും ഗോവയുടെ വല കുലുങ്ങി. ഇപ്രാവശ്യവും ഗ്രിഗറി നെല്‍സണ്‍ തന്നെയായിരുന്നു ഗോളിന് ഹേതു. അദ്ദേഹത്തിന്റെ ഫ്രീകിക്ക് ബോക്‌സിലേക്ക് പറന്നിറങ്ങിയപ്പോള്‍ ധനപാല്‍ ഗണേഷ് തലകൊണ്ട് ചെത്തി വലയിലിട്ടു. രണ്ട് ഗോളടിച്ചതോടെ കളി പൂര്‍ണ്ണമായും ചെന്നൈയുടെ വരുതിയിലായി. തുടര്‍ന്നങ്ങോട്ട് കളി ചെന്നൈയുടെ മുന്നേറ്റ നിരയും ഗോവയുടെ പ്രതിരോധവും തമ്മിലായിരുന്നു. നിരന്തരം അവര്‍ ആക്രമിച്ചു കൊണ്ടിരുന്നു. 32ാം മിനുട്ടില്‍ ചെന്നൈയുടെ റാഫേല്‍ അഗസ്‌റ്റോയുടെ കനത്ത ഷോട്ട് ഗോവ ഗോളി നവീന്‍ കുമാര്‍ തട്ടി പുറത്താക്കി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് മന്ദാര്‍ റാവു ദേശായിയുടെ ഷോട്ട് ചെന്നൈ ഗോളി കരണ്‍ജിത് സിങ് രക്ഷപ്പെടുത്തുന്നതും കണ്ടു.
രണ്ട് ഗോളിന് മുന്നിട്ടു നിന്ന ചെന്നൈ രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തിമാക്കിയാണ് കളിച്ചത്. ഗോവയുടെ എല്ലാ നീക്കങ്ങളും ചെന്നൈയുടെ കോട്ടയില്‍ തട്ടി തകര്‍ന്നു കൊണ്ടിരുന്നു. അപകടകരമായ പല ഷോട്ടുകളും ഗോളി കരണ്‍ജിത് സിങ് കോര്‍ണറിന് വഴങ്ങിയും രക്ഷപ്പെടുത്തി. കളി തീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെയാണ് ജെജെ ഗോവയുടെ ശവപ്പെട്ടിയില്‍ അവസാന ആണി കൂടി അടിച്ചത്.