വാഷിങ്ടണ്‍: സിറിയക്കുനേരെ അമേരിക്ക അയക്കുന്ന മിസൈലുകള്‍ തടുക്കുന്നതിന് തയാറെടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ മിസൈലുകള്‍ തകര്‍ക്കുമെന്ന് റഷ്യന്‍ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സിറിയയിലേക്ക് വരുന്ന മിസൈലുകളെല്ലാം വെടിവെച്ചിടുമെന്നാണ് റഷ്യന്‍ പ്രഖ്യാപനം. എന്നാല്‍ റഷ്യക്കാരെ തയാറായിക്കൊള്ളൂ. അവര്‍ ഒന്നൊന്നായി വരാനിരിക്കുന്നു. സ്വന്തം ജനതയെ കൊന്നൊടുക്കി ആനന്ദിക്കുന്ന ഗ്യാസ് കില്ലിങ് മൃഗത്തോടൊപ്പം നിങ്ങള്‍ നില്‍ക്കരുത്’-ട്രംപ് ട്വിറ്ററില്‍ കുറിച്ചു. സിറിയയിലെ രാസായുധ പ്രയോഗത്തോട് സൈനികമായി പ്രതികരിക്കുമെന്ന് ട്രംപ് നേരത്തെയും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സിറിയയിലെ ഒരു വ്യോമതാവളത്തില്‍ അമേരിക്ക ആക്രമണം നടത്തുകയും ചെയ്തു. എന്നാല്‍ ഇത്തവണ കൂടുതല്‍ ശക്തമായ ആക്രമണത്തിന് അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദം വര്‍ധിച്ചിരിക്കുകയാണ്. ഫ്രാന്‍സും അമേരിക്കയോടൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
രാസായുധം പ്രയോഗിച്ച സിറിയ യു.എന്‍ പ്രമേയങ്ങള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണെന്നും സഖ്യരാജ്യങ്ങളോടൊപ്പം ചേര്‍ന്ന് വരും ദിവസങ്ങളില്‍ സൈനികമായി മറുപടി നല്‍കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. സിറിയന്‍ ഭരണകൂടത്തിന്റെ രാസായുധ ശേഷിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്നും റഷ്യയേയോ ഇറാനെയോ ലക്ഷ്യമിട്ട് അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്്. ആക്രമണത്തില്‍ പങ്കെടുക്കുമെന്ന് സഊദി അറേബ്യയും അറിയിച്ചു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ആക്രമണത്തിന് മടിക്കില്ലെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.