X

ഒരുങ്ങാം, ഒരുക്കാം- ടി.എച്ച് ദാരിമി

ടി.എച്ച് ദാരിമി

പരിശുദ്ധ റമസാന്‍ മാസം വിളിപ്പാടകലെയെന്നോണം എത്തിനില്‍ക്കുകയാണ്. അല്ലാഹു തന്റെ അടിമകള്‍ക്കുമുമ്പില്‍ ഉദാരതയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിടുന്ന മാസമാണ് റമസാന്‍. മനുഷ്യന്റെ അകവും പുറവും ഒരേ പോലെ റമസാന്‍ കഴുകിയെടുക്കുന്നു. ഗതകാലത്ത് സംഭവിച്ചുപോയ എല്ലാ തിന്മകളും മായ്ച്ചുകളയാനും അവിടം മുഴുവന്‍ പ്രതിഫലം നിറക്കാനും അല്ലാഹു അവസരം തുറന്നിടുന്നു. ഒപ്പം കോപം, ക്രോധം, വിദ്വേഷം, വിരോധം തുടങ്ങി എല്ലാ മാനസിക അസുഖങ്ങളെയും മാറ്റി അവിടം സ്‌നേഹം, വിധേയത്വം, സഹനം, സമഭാവം തുടങ്ങിയ മഹാഗുണങ്ങള്‍ നിറക്കാന്‍ അവസരമേകുന്നു. അതിനൊപ്പം ശരീരത്തില്‍ അടിഞ്ഞുകൂടിയ മേഛ രസങ്ങളെയും കൊഴുപ്പുകളെയും കുറച്ചു കൊണ്ടുവന്ന് ആരോഗ്യത്തെ പുനരൂര്‍ജ്ജപ്പെടുത്താന്‍ വ്രതം വഴിയായിത്തീരുന്നു. ഇങ്ങനെയാണ് റമസാന്‍ വിശ്വാസിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമായിത്തീരുന്നത്. ഈ സൗഭാഗ്യ മുഹൂര്‍ത്തത്തെ വേണ്ടവിധം സ്വീകരിക്കുന്നതും അതിനുവേണ്ടി ഒരുങ്ങിയും ഒരുക്കിയും തയ്യാറാകുന്നതുമെല്ലാം ഈ കടാക്ഷത്തോടുള്ള നന്ദിയാണ്. വേണ്ടവിധം ഒരുങ്ങിയും ഒരുക്കിയും ഈ സുവര്‍ണാവസരത്തെ വരവേല്‍ക്കുമ്പോള്‍ സൗഭാഗ്യത്തിന് നാം പ്രത്യേക പരിഗണനയും വിലയും കല്‍പ്പിക്കുന്നതായി അതു പ്രദാനം ചെയ്ത സ്രഷ്ടാവിനെ ബോധ്യപ്പെടുത്താനും കഴിയും. മാത്രമല്ല, അത് വന്നണയുമ്പോഴാവട്ടെ വേണ്ടവിധം അതിനെ ആചരിക്കാനും അനുഷ്ഠിക്കാനും വേണ്ട മനസ്സുണര്‍വ് നേടാനും വിശ്വാസികള്‍ക്ക് കഴിയും. ഇതെല്ലാം കാരണമാണ് സച്ചരിതരായ വിശ്വാസികള്‍ റമസാനിനു വേണ്ടി ദീര്‍ഘമായ കാത്തിരിപ്പും ഒരുക്കങ്ങളും നടത്തിയിരുന്നത്. റജബും ശഅ്ബാനും രണ്ടു മാസങ്ങള്‍ അവര്‍ക്ക് റമസാന്‍ ഒരുക്കങ്ങളുടെ കാലമായിരുന്നു. റജബില്‍ ശരീരവും ശഅ്ബാനില്‍ മനസും ശുദ്ധീകരിച്ച് പുണ്യങ്ങുടെ പൂക്കാലത്തിലേക്ക് ആത്മീയ ഉമേഷത്തോടെ കടക്കുമായിരുന്നു അവര്‍.

ശഅ്ബാന്‍ മാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ അത് പരിശുദ്ധ റമസാന്‍ മാസത്തിനെ സ്വീകരിക്കാനുള്ള അവസാന ഒരുക്കങ്ങളുടെ മാസമാണ് എന്നതാണ്. ഇത് ഏറെ പ്രകടമായിരുന്നു നബി(സ) യുടെ ജീവിതത്തില്‍. ഈ മാസത്തെ നബി തങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നത് ശരീരത്തെയും മനസിനെയും റമസാനിനു വേണ്ടി ഒരുക്കാന്‍ വേണ്ടിയായിരുന്നു. അതിനായി നബി തങ്ങള്‍ ചെയ്തിരുന്ന മാര്‍ഗം സുന്നത്ത് നോമ്പായിരുന്നു. നബി(സ) ഏറ്റവുമധികം സുന്നത്ത് നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നു എന്ന് ആയിഷ(റ) പറയുന്നു (ബുഖാരി). തുടര്‍ച്ചയായി ദിവസങ്ങളോളം നോമ്പനുഷ്ഠിക്കുന്ന പതിവായിരുന്നു നബിയുടേത്. നോമ്പ് തുടങ്ങിയാല്‍ ഇനി ഈ മാസം മുഴുവനും നോമ്പ് നോല്‍ക്കുകയായിരിക്കാം എന്ന് തോന്നിപ്പോകുന്ന അത്രക്കും അത് തുടരുമായിരുന്നു എന്ന് ആയിഷ(റ) തന്നെ പറയുന്നു. ഇതിന് നബി തന്നെ ഒരു കാരണം ബോധിപ്പിക്കുന്നുണ്ട്. ഇമാം അഹ്മദ്(റ) ഉസാമ ബിന്‍ സൈദ്(റ)യില്‍ നിന്നും ഉദ്ധരിക്കുന്ന ഹദീസില്‍ അദ്ദേഹം നബി തങ്ങളോട് നേരിട്ട് ചോദിക്കുന്നുണ്ട്, എന്താണ് നബിയേ, താങ്കള്‍ ഈ മാസത്തില്‍ ഇത്രയധികം നോമ്പ് നോല്‍ക്കുന്നത് എന്ന്. അതിന് മറുപടിയായി നബി തങ്ങള്‍ പറഞ്ഞു: അത് പൊതുവെ റജബിനും റമസാനിനുമിടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന മാസമാണ്. എന്നാല്‍ ഇത് മനുഷ്യന്റെ കര്‍മങ്ങള്‍ ഒക്കെയും അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്ന മാസമാണ്. നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

മനസിനെയും ശരീരത്തെയും ഇത്രമേല്‍ മെരുക്കിയെടുക്കാന്‍ നോമ്പിനോളം കഴിയുന്ന ആരാധന മറ്റൊന്നുമില്ലല്ലോ. അതുകൊണ്ടാണ് നബി തിരുമേനിയുടെ റമസാന്‍ ഒരുക്കങ്ങള്‍ നോമ്പായത്. അതിനാല്‍ വിശ്വാസികള്‍ക്ക് ഈ മാസത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ കാര്യത്തില്‍ നബിതിരുമേനി നല്‍കിയ ഏറ്റവും വലിയ സന്ദേശവും സുന്നത്തു നോമ്പുകള്‍ അധികരിപ്പിക്കുക എന്നതാണ്. ഇതോടൊപ്പം ഈ മാസത്തിന് മറ്റൊരു സവിശേഷതകൂടി ഉണ്ട്. അത് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവാണ്. ബറാഅത്ത് രാവ് എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്ന ഈ രാവ് ഏറെ സവിശേഷമാണ്. അല്ലാഹു വളരെ താല്‍പര്യത്തോടെ തന്റെ അടിമകളിലേക്ക് തന്റെ കാര്യണ്യവുമായി ഇറങ്ങിവരുന്ന രാവാണിത്. എന്നിട്ട് അതീവ ഗുരുതരങ്ങളല്ലാത്ത എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു. ഈ കാര്യത്തില്‍ നിരവധി സ്വഹീഹായ ഹദീസുകള്‍ കാണാം. മുശ്‌രിക്കോ മറ്റുള്ളവരുമായി മാനസപ്പൊരുത്തമില്ലാത്തവരോ ആയ എല്ലാവര്‍ക്കും അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കും എന്നതില്‍ ഈ ഹദീസുകള്‍ ഏകകണ്ഠമാണ്. ഈ പ്രപഞ്ചത്തില്‍ അല്ലാഹു തന്റെ അടിമയോട് കാണിക്കുന്ന ഏറ്റവും വലിയ കാരുണ്യവും ദയയും ആ അടിമ തന്നോട് ചെയ്യുന്ന നിന്ദയും പാപവും പൊറുക്കുക എന്നത് തന്നെയാണ്. അതു പൊറുക്കപ്പെടുന്നതോടെ അടിമ അല്ലാഹുവിന്റെ സാമീപ്യം നേടുന്നു. പിന്നീട് മുമ്പിലുള്ള ജീവിത ഘട്ടങ്ങളിലെല്ലാം അവന്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ തണലിലായിരിക്കും. ഇത് കൊണ്ടാണ് ബറാഅത്ത് രാവ് ഒരു വിശ്വാസിയുടെ ഏറ്റവും വലിയ നേട്ടമാണ് എന്ന് പറയുന്നത്. ഇത്രയും വലിയ ഔദാര്യത്തെ അടിമ സ്വീകരിക്കേണ്ടത് വിനയാന്വിതനായും നന്ദിയുള്ളവനായുമാണ്. അങ്ങനെ വിനയവും വിധേയത്വവും കാണിക്കാന്‍ ഏറ്റവും തീവ്രതയുള്ള ഒരു ആരാധന തന്നെ ചെയ്യേണ്ടതുണ്ട്. അതിന് ഏറെ അനുഗുണവും അനുയോജ്യവുമാണ് നോമ്പ്. അതില്‍ സൃഷ്ടി സ്രഷ്ടാവില്‍ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്.

റമസാനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ ആദ്യ പടി റമസാന്‍ മാസത്തെ കുറിച്ച് നന്നായി പഠിക്കുകയും മനസ്സിനെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഖുര്‍ആനിക സൂക്തങ്ങളുടെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അതു മനസ്സില്‍ ഉറപ്പിക്കുകയാണ് വേണ്ടത്. അപ്പോഴാണ് അതിനു വേണ്ടി മനസ്സും ശരീരവും ശരിക്കും തയ്യാറെടുക്കുക. ഇവ്വിധം ഒരു തയ്യാറെടുപ്പ് ഉണ്ടായിരിക്കാന്‍ വേണ്ടിയാണ് ഒരു ശഅ്ബാന്‍ മാസത്തിലെ അവസാന ദിവസം പ്രവാചക തിരുമേനി(സ) അനുചരന്‍മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞത്: അല്ലയോ ജനങ്ങളേ, ഒരു മഹത്തായ മാസം നിങ്ങള്‍ക്കുമേല്‍ തണല്‍ വിരിച്ചിരിക്കുന്നു. അനുഗ്രഹീത മാസമാണത്. ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠതയുള്ള ഒരു രാത്രിയുണ്ട് ആ മാസത്തില്‍. വ്രതാനുഷ്ഠാനം (അല്ലാഹു) നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ മാസമാണത്.. സല്‍കര്‍മ്മങ്ങളില്‍ മുന്നേറുകയും അവ ശരീരത്തെയും മനസ്സിനെയും ശീലിപ്പിക്കുകയും ചെയ്യുകയാണ് ഒരുക്കങ്ങളില്‍ മറ്റൊന്ന്.
റമസാന്‍ മാസത്തിലെ സല്‍കര്‍മങ്ങളെക്കുറിച്ചും നിഷ്‌കളങ്കമായി ദൈവ പ്രീതി പ്രതീക്ഷിച്ചുകൊണ്ട് കര്‍മങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചും പ്രവാചക വചനങ്ങളില്‍ നിരവധി പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ റമസാന്‍ മാസത്തിന്മുമ്പേ തന്നെ അത്തരം സല്‍കര്‍മ്മങ്ങള്‍, നമ്മുടെ പതിവു ശീലത്തിന്റെ ഭാഗമാക്കിത്തീര്‍ക്കേണ്ടതുണ്ട്. സല്‍കര്‍മ്മങ്ങളില്‍ ഒരാള്‍ എത്രകണ്ട് വ്യാപൃതനാകുന്നുവോ അത്രകണ്ട് അല്ലാഹു അവനെ നേര്‍മാഗത്തിലേക്ക് നയിക്കും. ഈ മാസത്തിലെ പൊതുവായ പുണ്യകര്‍മ്മങ്ങള്‍ വിശ്വാസികളില്‍ നിഷ്‌കളങ്കതയും ആത്മവിശ്വാസവും ഇച്ഛാശക്തിയും പതിന്‍മടങ്ങ് വര്‍ധിപ്പിക്കുകയും ദൈവ പ്രീതി നേടാന്‍ വേണ്ട ത്യാഗങ്ങള്‍ ചെയ്യുവാന്‍ കൂടുതല്‍ പ്രാപ്തനാക്കുകയും ചെയ്യും. റമസാന്‍ ഉദാരതയുടെ മാസമാണ്. മനുഷ്യന്റെ വേദനയും വിശപ്പും ഓരോ വിശ്വാസിയും അനുഭവിച്ചറിയുന്ന മാസം. പാവപ്പെട്ടവന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കി അവരോട് ഉദാരത കാണിച്ച് പുണ്യങ്ങള്‍ നേടാനുള്ള മാസമാണിത്. ദാന ധര്‍മ്മങ്ങള്‍ തുടങ്ങിയവക്ക് ഈ മാസത്തില്‍ പ്രത്യേക പരിഗണനയും പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് അത് കൊണ്ടാണ്. ഈ മാസത്തില്‍ പ്രവാചകന്‍ തിരുമേനി ഏറെ ഉദാരനായിരുന്നു. ഹദീസില്‍ കാണാം, ജനങ്ങളില്‍ ഏറ്റവും ഉദാരന്‍ പ്രവാചകനായിരുന്നു. റമസാന്‍ മാസത്തില്‍ റസൂല്‍ (സ) യുടെ ഉദാരത ഉന്നതിയിലെത്തിയിരുന്നു. പ്രവാചകന്റെ ഔദാര്യം അടിച്ചു വീശുന്ന കാറ്റു പോലെയായിരുന്നു എന്ന് (ബുഖാരി).

സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് റമസാന്‍ മാസം. ഇത് സാന്ത്വനത്തിന്റെ മാസമാണ് എന്ന് ഉപരിസൂചിത ഹദീസില്‍ തന്നെ നബി(സ) പറയുന്നുണ്ട്. ദാന ധര്‍മങ്ങള്‍ മനുഷ്യന്റെ തെറ്റുകളെ കഴുകിക്കളയുകയും ഹൃദയത്തിലെ അഹങ്കാരത്തിന്റെ തോത് കുറച്ച് കൊണ്ട് വരികയും ചെയ്യും. റമസാന്‍ ഒരുക്കങ്ങളുടെ ഭാഗമായി അത് ആഗതമാവുന്നതിന് മുമ്പ് തന്നെ ദാന ധര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നത് റമസാനില്‍ അങ്ങനെ ചെയ്യാന്‍ സഹായകമാകും. റമസാന്‍ ഒരുക്കങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൗബ എന്ന പശ്ചാതാപം. നിലവിലുള്ള എല്ലാ പാപക്കറയും കഴുകിക്കളഞ്ഞ് തെളിഞ്ഞ മാനസവുമായി റമസാനിലേക്ക് കടക്കുമ്പോള്‍ അത് ആത്മീയ സമ്പാദനത്തിന് വലിയ സഹായമാകും. കാരണം, സ്വര്‍ഗ കവാടങ്ങള്‍ സല്‍കര്‍മ്മികള്‍ക്കായി തുറക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ഹൃദയത്തെ ശുദ്ധീകരിച്ചവര്‍ക്കായിരിക്കും ദൈവാനുഗ്രഹങ്ങള്‍ അധികമായി സ്വരുക്കൂട്ടാനാവുക. റമസാന്‍ വരുന്നതിന് മുമ്പു തന്നെ, പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി ഹൃദത്തെ ശുദ്ധീകരിച്ചവന് പരിശുദ്ധ റമസാനെ കൂടുതല്‍ അര്‍ത്ഥവത്തായി ഉപയോഗപ്പെടുത്താന്‍ കഴിയും. പശ്ചാത്താപത്തിനുള്ള അവസരവും അതിന്റെ ഫലവും മറ്റു മാസങ്ങളേക്കാള്‍ അതില്‍ ശ്രേഷ്ഠവുമാണെന്നിരിക്കെ വിശേഷിച്ചും. വിശുദ്ധ റമസാനിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഖുര്‍ആനിന്റെ മാസമാണ് എന്നതാണല്ലോ. ഒരര്‍ഥത്തില്‍ അനുഗ്രഹീതമായ ഖുര്‍ആന്‍ തന്നതിനുള്ള നന്ദി കൂടിയാണ് റമസാന്‍ വ്രതം. അതിനാല്‍ റമസാന്‍ മുഴുവന്‍ ഖുര്‍ആനിനു വേണ്ടി സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ് സത്യവിശ്വാസി. ഇതിനു വേണ്ട പരിശീലനം തുടങ്ങേണ്ടത് ഈ ഒരുക്കങ്ങളില്‍ പെടുന്നു. റമസാന്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മൂന്ന് തലത്തില്‍ നടത്തണമെന്നാണ് പണ്ഡിതാഭിപ്രായം. ഒന്ന് മാനസികമായ തീരുമാനമാണ്. ആരോഗ്യത്തോടെയും ആത്മീയ ചൈതന്യത്തോടെയും റമസാനിനെ സ്വീകരിക്കാനും ആരാധനാ നിരതമാകാനുമുള്ള രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്രാര്‍ഥന മാനസിക മുന്നൊരുക്കത്തിന്റെ ഭാഗമാണ്. ഇത്തവണത്തെ റമസാന്‍ എങ്ങനെയാവണം, എന്തെല്ലാം അതില്‍ നേടിയെടുക്കണം എന്നെല്ലാം ഓരോ വിശ്വാസിയും നേരത്തെ മനസ്സാ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിന്റെ അഭാവമാണ് പലര്‍ക്കും റമസാന്‍ ഭാരമായി അനുഭവപ്പെടുന്നത്. രണ്ടാമത്തേത്, ശാരീരികമായ മുന്നൊരുക്കമാണ്. പതിനൊന്ന് മാസം പകലന്തിയോളം വയര്‍ നിറച്ച് ആഹാരം കഴിച്ച് ശീലിച്ച മനുഷ്യശരീരത്തെ പകല്‍ സമയം പൂര്‍ണമായും പട്ടിണിക്കിടാനും നോമ്പ് മുറിയുന്ന മുഴുവന്‍ സംഗതികളില്‍നിന്ന് വിട്ടുനില്‍ക്കാനുമുതകുന്നവിധത്തില്‍ പാകപ്പെടുത്തേണ്ടതുണ്ട്. റജബിലെയും ശഅ്ബാനിലെയും കുറച്ച് ദിനങ്ങള്‍ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുമാസം മുഴുവന്‍ പട്ടിണി കിടക്കാനും നോമ്പെടുക്കാനും സത്യവിശ്വാസി പരിശീലിക്കുന്നു. സുന്നത്ത് നോമ്പിലൂടെ ഏത് പ്രതിസന്ധി ഘട്ടത്തിലും റമസാന്‍ നോമ്പനുഷ്ഠിക്കാന്‍ വേണ്ട പരിശീലനം നേടുന്നു. മൂന്നാമത്തേത് കര്‍മപരമായ മുന്നൊരുക്കമാണ്. ഏതൊരു വിശ്വാസിയും ജാഗ്രതയോടെ ആരാധനാനിരതനാകുന്ന സന്ദര്‍ഭമാണ് റമസാന്‍. നോമ്പും നമസ്‌കാരവും ഖുര്‍ആനോത്തും ഇഅ്തികാഫും ധര്‍മം ചെയ്യലും നോമ്പുതുറ സല്‍കാരവും. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യ കര്‍മങ്ങള്‍. നേരത്തെയുള്ള ആസൂത്രണങ്ങളോടെയും മുന്നൊരുക്കത്തോടെയും നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ ആനന്ദകരമാകും.

Test User: