X

വാര്‍ദ്ധക്യത്തിനായി ഒരുങ്ങാം-ഡോ. ജഷീറ മുഹമ്മദ്

ഡോ. ജഷീറ മുഹമ്മദ്
കണ്‍സല്‍ട്ടന്റ്
ഇന്റേര്‍ണല്‍ മെഡിസിന്‍
(ടീം ലീഡര്‍, ആസ്റ്റര്‍ ഹോം കെയര്‍
& ആസ്റ്റര്‍ സീനിയേഴ്സ് )

വാര്‍ദ്ധക്യം എന്ന വാക്ക് പോലും പേടിയോടെ കാണുന്ന കാലമാണ്. ശാരീരികമായ അവശതയും സാമൂഹികമായ അവഗണനയും ഒന്നുപോലെ അനുഭവിക്കേണ്ടി വരുന്നു എന്നതാണ് വാര്‍ദ്ധക്യകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളായി പരിഗണിക്കപ്പെടുന്നത്. കൃത്യമായ പ്ലാനിംഗുകളോട് കൂടി വാര്‍ദ്ധക്യകാലത്തെ അഭിമുഖീകരിച്ചാല്‍ ഈ അവസ്ഥാ വിശേഷങ്ങളെ ഒരു പരിധിവരെ അതിജീവിക്കുവാന്‍ സാധിക്കും.

ചലനാത്മകമായ ജീവിതം നിലനിര്‍ത്തുവാന്‍ സാധിക്കുന്നതിനാണ് വാര്‍ദ്ധക്യ കാലത്ത് പ്രധാന പരിഗണന നല്‍കേണ്ടത്. ഇതിലൂടെ ജീവിതത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുവാനും ആത്മനിന്ദയില്ലാതെ ജീവിക്കുവാനും സാധിക്കും. ഇത്തരം അവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന മുതിര്‍ന്നവര്‍ക്കായുള്ള പരിശോധന സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണം. വൈദ്യശാസ്ത്രപരമായ അവലോകനം (മെഡിക്കല്‍), ചലനാത്മകം (ഫങ്ങ്ഷണല്‍), മാനസികം (സൈക്കോളജിക്കല്‍), സാമൂഹിക ഘടകങ്ങള്‍ (സോഷ്യല്‍ ഡൊമൈന്‍സ്) എന്നീ ഘടകങ്ങളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുവാന്‍ സഹായകരമായ അവലോകനങ്ങളാണ് പ്രധാനമായും നടത്തേണ്ടത്.

മുതിര്‍ന്ന വ്യക്തിയുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍, നേരത്തെയുള്ളതും ഇപ്പോഴുള്ളതുമായ മെഡിക്കല്‍ ഹിസ്റ്ററി മുതലായവ കൃത്യമായ വിലയിരുത്തലുകള്‍ക്ക് വിധേയമാക്കണം. ഒരേ സമയം ഒന്നിലധികം രോഗങ്ങള്‍ പിടിമുറുക്കാന്‍ സ്വാഭാവികമായ സാധ്യതയുള്ള കാലമാണ്. മറവി, കേള്‍വി ശക്തി തകരാറുകള്‍, കാഴ്ച സംബന്ധമായ തകരാറുകള്‍, സന്ധികളുടെ പ്രവര്‍ത്തന ക്ഷണത കുറയല്‍, ജീവിതശൈലീ രോഗങ്ങളുടെ എളുപ്പത്തിലുള്ള കടന്ന് കയറ്റം തുടങ്ങിയവയെയെല്ലാം കൃത്യമായി പരിശോധിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. ഭക്ഷണപരമായ കാര്യങ്ങളിലും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്. വാര്‍ദ്ധക്യ ചികിത്സയില്‍ പ്രാവീണ്യം നേടിയവരുടെ നേതൃത്വത്തില്‍ ഇത്തരം രോഗാവസ്ഥകളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ആവശ്യമായ പരിശോധനകള്‍ കൃത്യമായി നടത്തണം.

എങ്ങിനെ വാര്‍ദ്ധക്യത്തെ നേരിടാം

കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ മുന്‍പിലേക്ക് പൊയാല്‍ വാര്‍ദ്ധ്യക്യത്തെ ആരോഗ്യപൂര്‍ണ്ണമാക്കി സംരക്ഷിക്കാന്‍ സാധിക്കും.

1) അസ്ഥിയെ സംരക്ഷിക്കാം

മാംസപേശികളുടെ ശേഷണവും എല്ലുകളുടെ ദൃഢത കുറവും ഏറ്റവും വലിയ വെല്ലുവിളിയാണ്. ഒന്ന് വീണുപോയാല്‍ പിന്നെ തിരിച്ച് വരല്‍ എളുപ്പമാകില്ല. അതിനാല്‍ ഇനി പറയുന്ന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. എല്ലിന് ഗുണകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ ശീലമാക്കുക. പ്രായത്തിനനുസൃതമായ വ്യായാമം ശീലമാക്കുക തൈറോയ്ഡ്, പ്രമേഹം മുതലായ രോഗമുള്ളവര്‍ രോഗനിയന്ത്രണം കര്‍ശനമായി പാലിക്കുക. പുകവലി, മദ്യം ഉപേക്ഷിക്കുക

2) ശ്വാസകോശത്തെ ശക്തിപ്പെടുത്താം.

ശ്വസന സംബന്ധമായ തകരാറുകള്‍ പ്രായമാകുമ്പോള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനായി ശ്വാസകോശത്തെ സ്വാധീനിക്കുന്ന വ്യായാമങ്ങള്‍ ശീലമാക്കുക. യോഗ, പ്രാണായാമം, ശ്വസനവ്യായാമങ്ങള്‍ എന്നിവ കൃത്യമായി പിന്‍തുടരുക. കോവിഡ് കാലമായതിനാല്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കുക. അലര്‍ജിയും മറ്റുമുള്ളവര്‍ അതിനിടയാക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. ജീവിക്കുന്ന ചുറ്റുപാടുകള്‍, പ്രത്യേകിച്ച് ഉറങ്ങുന്ന മുറിയും മറ്റും പൊടി ശല്യമില്ലാതെ സൂക്ഷിക്കുക.

3) രക്തക്കുഴലുകളുടെ ഘടകാപരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക.

കൃത്യമായി പരിശോധനകള്‍ നടത്തി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നില്ലെന്നു അവയുടെ ഇലാസ്തികത കുറയുന്നില്ലെന്നും ഉറപ്പ് വരുത്തണം. ഹൃദയത്തിന്റെ പ്രവര്‍ത്തനം കൃത്യമാണെന്ന്് ഉറപ്പ് വരുത്തണം. പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിച്ച് നിര്‍ത്തണം.

4)വൃക്കയും കരളും പ്രത്യേകം ശ്രദ്ധിക്കണം

വൃക്കയുടേയും കരളിന്റെയും പ്രവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം.വൃക്കകളുടെ ജോലി ചെയ്യാനുള്ള ശേഷി കുറയുന്നത് സ്വാഭാവികമാണ്. ഇത് പ്രത്യേകം ശ്രദ്ധിക്കുക. പാരമ്പര്യമായി വൃക്ക-കരള്‍ രോഗങ്ങളുള്ളവര്‍ കടുതല്‍ ശ്രദ്ധിക്കണം. പുകവലി, മദ്യപാനം ഒഴിവാക്കണം

5) തലച്ചോറിനെ പ്രത്യേകം പരിഗണിക്കണം. വാര്‍ദ്ധക്യത്തിന്റെ ഭാഗമായി തലച്ചോറിന് പ്രവര്‍ത്തന പരമായ മന്ദിപ്പനുഭവപ്പെടുന്നത് സ്വാഭാവികമാണ്.

ഓര്‍മ്മക്കുറവുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറുടെ ഉപദേശം പെട്ടെന്ന് തേടണം. വിറയലും മറ്റും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ചികിത്സ നേടണം സ്‌ട്രോക്ക് പ്രായമായവരില്‍ കൂടുതലാണ്. അതിലേക്ക് നയിക്കാനിടയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കണം. നിര്‍ദ്ദിഷ്ട വ്യായാമങ്ങള്‍ കൃത്യമായി പിന്‍തുടരുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. കൊളസ്‌ട്രോളും, പ്രമേഹവും നിയന്ത്രിക്കുക. മെഡിക്കല്‍ ചെക്കപ്പ് ശീലമാക്കുക. രോഗങ്ങള്‍ ഏത് രീതിയിലും ഏത് ഭാഗത്തെയും എപ്പോള്‍ വേണമെങ്കിലും കീഴടക്കാന്‍ സാധ്യതയുള്ള കാലമാണ് വാര്‍ദ്ധക്യം. അതുകൊണ്ട് തന്നെ കൃത്യമായ മെഡിക്കല്‍ ചെക്കപ്പ് ജീവിതത്തിന്റെ ഭാഗമാക്കണം. യഥാര്‍ത്ഥത്തില്‍ 40 വയസ്സ് മുതല്‍ തന്നെ മെഡിക്കല്‍ ചെക്കപ്പ് ആരോഗ്യപൂര്‍ണ്ണമായ ജീവിത്തിന്റെ ഭാഗമാക്കണം. വ്യക്തികളുടെ നിലവിലുള്ള രോഗാവസ്ഥകള്‍ക്കും, അവരുടെ പ്രായത്തിനുമെല്ലാം അനുസരിച്ചുള്ള മെഡിക്കല്‍ ചെക്കപ്പുക്കള്‍ ലഭ്യമാണ്. ഇവയില്‍ അനുയോജ്യമായത് ഡോക്ടറുടെ നിര്‍ദ്ദേശാനുസരം നിര്‍വ്വഹിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്‍ തുടരുകയും ചെയ്യണം.

മുതിര്‍ന്നവര്‍ക്ക് ആവശ്യമായി വരുന്ന ചില പ്രതിരോധ കുത്തിവെപ്പുകളുണ്ട്. ഇന്‍ഫ്‌ളുവന്‍സയ്‌ക്കെതിരായ കുത്തിവെപ്പ്, ന്യൂമോണിയക്കെതിരായ കുത്തിവെപ്പ്, ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍, ഹെര്‍പിസ് സോസ്റ്റര്‍ വാക്‌സിന്‍, കോവിഡ് വ്കാസിന്‍ മുതലായവയാണ് പ്രായമാവരില്‍ പ്രധാനാമായും സ്വീകരിക്കേണ്ടതായ പ്രതിരോധ കുത്തിവെപ്പുകള്‍. ഇവ ഡോക്ടറുടെ നിര്‍ദ്ദേശനാനുസരണമാണ് സ്വീകരിക്കേണ്ടത്. വര്‍ഷത്തിലൊരിക്കലെങ്കിലും നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട രക്തപരിശോധനകളില്‍ ഇനി പറയുന്നവ പ്രധാനപ്പെട്ടവയാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, കൊളസ്‌ട്രോള്‍, കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റ്, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ്, കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍. ഇതിന് പുറമെ മൂത്രാശയത്തിലെ കല്ലുകള്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം, കരളിലെ കൊഴുപ്പിന്റെ അളവ് മുതലായവ അറിയാന്‍ വയറിന്റെ യു എസ് ജി സ്‌കാന്‍ ചെയ്യുന്നതും നല്ലതാണ്. 60 വയസ്സിന് ശേഷം കേള്‍വി പരിശോധന, കണ്ണുകളുടെ പരിശോധന, എല്ലിന്റെ സാന്ദ്രത അറിയാനുള്ള ഡെക്‌സാ പരിശോധന എന്നിവയും ചെയ്യണം.

Test User: