തമിഴ്നാട് നിയമസഭയിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ പോസ്റ്ററുകള്‍.രവി പുറത്തുപോവുക എന്ന കുറിപ്പ് അടങ്ങിയ പോസ്റ്ററുകള്‍ ചെന്നൈയിലെ വള്ളുവര്‍ കോട്ടം, അണ്ണ ശാല എന്നിവിടങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിനിടെ ആര്‍.എന്‍ രവി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിനുപിന്നാലെ ഗവര്‍ണര്‍ക്കെതിരെ ട്വിറ്ററിലടക്കം ‘ഗെറ്റ് ഔട്ട് രവി’ എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിച്ചിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മാറ്റം വരുത്തിയതില്‍ ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ പ്രതിക്ഷേധമുയര്‍ത്തിയതോടെയാണ് ഗവര്‍ണര്‍ ഇറങ്ങിപോയത്. നയപ്രഖ്യാപന പ്രസംഗത്തിലെ പെരിയാര്‍, അംബേദ്കര്‍, കാമരാജ്, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരുടെ പേരുകളും ദ്രാവിഡ മാതൃക, സാമൂഹികനീതി, സാമുദായിക സൗഹാര്‍ദം, സ്ത്രീകളുടെ അവകാശം ഉള്‍പ്പെടെയുള്ള മതേതര പരാമര്‍ശങ്ങളും ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഗവര്‍ണറുടെ നടപടിയില്‍ ശക്തിയായ എതിര്‍പ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ സര്‍ക്കാര്‍ തയാറാക്കിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ സഭാരേഖകളില്‍ ചേര്‍ക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു.