X

കരുണയിലൂടെ കാരുണ്യം നേടുക- റാശിദ് ഗസ്സാലി

തെറ്റുകളില്‍ നിന്ന് കുറ്റങ്ങളിലേക്കും കുറ്റങ്ങളില്‍ നിന്ന് നാശങ്ങളിലേക്കും വഴിമാറുന്ന മനുഷ്യന്‍ അവന്റെ നാഥന്റെ കാരുണ്യത്തിലൂടെയല്ലാതെ എങ്ങനെയാണ് വിമോചിതനാവുക.
തനിക്ക് ജീവവായുവും സര്‍വ അനുഗ്രഹങ്ങളും പകര്‍ന്ന് തരുന്ന പ്രപഞ്ചനാഥന് മുന്നില്‍ പ്രതീക്ഷയോടെ ചേര്‍ന്ന് നില്‍ക്കുകയല്ലാതെ എന്തുണ്ട് പോംവഴി..? വിശുദ്ധിയുടെ വൃതനാളുകള്‍ കാരുണ്യത്തിന്റെ പത്തുദിനങ്ങള്‍ കൊണ്ട് സമാരംഭം കുറിക്കുന്നതിന്റെ പൊരുള്‍ ഇത് തന്നെയാണ്. ഒരാള്‍ ചെയ്ത പാപങ്ങളും സൃഷിടിച്ച മുറിവുകളുമെല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യണമെങ്കില്‍ ആ വ്യക്തിയോട് കരുണ തോന്നുക എന്നത് വളരെ പ്രധാനമാണ്. മനസുകളില്‍ അലിവും ആര്‍ദ്രതയും കാരുണ്യവും ഉറവ എടുത്താല്‍ പാപമോചനവും വിട്ടുവീഴ്ചയും എളുപ്പം സംഭവിക്കും. വിശ്വാസിയുടെ ഹൃദയാന്തരങ്ങളില്‍ ആത്മീയതയുടെ നിറവ് പകരുന്ന വ്രതനാളുകള്‍ ഘട്ടംഘട്ടമായി രൂപപ്പെടുത്തുന്നത് ഇത്തരമൊരു മാറ്റമാണ്.

ദൈവിക കാരുണ്യത്തിന് അര്‍ഹത നേടുന്നതില്‍ വ്രതവും പ്രാര്‍ത്ഥനയും മാത്രം മതിയാവില്ല, സഹജീവികളോടും കൂടപ്പിറപ്പുകളോടുമൊക്കെ കാരുണ്യത്തോടെ വര്‍ത്തിക്കുക കൂടി വേണം. ഭൂമിയിലുള്ളവരോട് കരുണ കാണിക്കാത്തവന്, പ്രപഞ്ച നാഥന്റെ കാരുണ്യം ഉണ്ടാവില്ല എന്ന പ്രവാചകവചനം ഏറെ ചിന്തനീയമാണ്. മൃദുലമായ വാക്കുകളും സ്‌നേഹമുള്ള ഇടപെടലുകളും കരുണയുള്ള സമീപനവും കൊതിക്കാത്തവരായി ആരുണ്ട്.

പരിശുദ്ധമായ റമദാന്‍ നമ്മെ ശീലിപ്പിക്കുന്നത് ഇത്തരം മഹത്തായ മൂല്യങ്ങളാണ്. കരുണക്ക് വേണ്ടി കൈനീട്ടി പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ തനിക്ക് ചുറ്റുമുള്ളവര്‍ക്ക് നമ്മുടെ കരുണയുടെ നോട്ടം ലഭിക്കുന്നു എന്നുകൂടി ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം.
ഒരു ഉമ്മക്ക് കുഞ്ഞിനോട് ഉണ്ടാവുന്നതിന്റെ പതിന്മടങ്ങ് കാരുണ്യം അല്ലാഹുവിന് അവന്റെ അടിമയോട് ഉണ്ടാകുമെന്നാണ് പ്രവാചകര്‍ പങ്കുവെക്കുന്നത്. എത്ര വലിയ അപരാധിക്കും ആത്മവിശ്വാസത്തോടെ അല്ലാഹുവിന്റെ കാരുണ്യത്തില്‍ അഭയം പ്രാപിക്കാന്‍ കഴിയുന്നത് അത് കൊണ്ടാണ്.
അചഞ്ചലമായ വിശ്വാസത്തിലൂടെയും നിരന്തരമായ സുകൃതങ്ങളിലൂടെയും അവന്റെ കാരുണ്യത്തിന് അര്‍ഹത നേടലാവണം നമ്മുടെ ജീവിത ലക്ഷ്യം.

Test User: