X

പെഹ്ലുഖാന്‍ വധം; പ്രതികളായ ഗോ രക്ഷാസേനക്കാര്‍ക്ക് ക്ലീന്‍ചിറ്റ്

ന്യുഡല്‍ഹി: രാജസ്ഥാനിലെ ക്ഷീരകര്‍ഷകനായ പെഹ്ലുഖാനെ ഗോരക്ഷകര്‍ നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തില്‍ പ്രധാനപ്രതികളായ ആറു പേര്‍ക്ക് എതിരെയുള്ള അന്വേഷണം രാജസ്ഥാന്‍ പൊലീസ് അവസാനിപ്പിച്ചു. ഇവര്‍ പ്രതികളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി. പെഹ്ലു ഖാന്റെ മരണത്തില്‍ തുടരന്വേഷണം വേണ്ടെന്നാണ്് പൊലീസ് തീരുമാനം.

പ്രധാന പ്രതകളില്‍ മൂന്ന് പേര്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരാണ്.
പെഹ്ലു ഖാനെ ആക്രമിച്ച ദിവസം ഓം യാദവ് (45), ഹുക്കും ചന്ദ് യാദവ് (44). സുധീര്‍ യാദവ് (45), ജഗ്മല്‍ യാദവ് (73), നവീന്‍ ശര്‍മ (48), രാഹുല്‍ സെയിനി (24) എന്നിവര്‍ സംഭവം നടന്ന ദിനം പെഹ്ലു ഖാന്റെ ഡയറി ഫാം രത് ഗോശാലയുടെ നാല് കിലോമീറ്റര്‍ പരിസരത്തുണ്ടായിരുന്നതായി ജീവനക്കാരന്‍ മൊഴി നല്‍കിയിരുന്നു. അക്രമസമയത്തെ ഇവരുടെ മൊബൈല്‍ ടവര്‍ ലോക്കേന്‍ പരിശോധിച്ച ശേഷവുമാണ് അക്രമികള്‍ക്ക് പൊലീസ് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നത്. അന്വേഷണത്തിനൊടുവില്‍ ഇവര്‍ കുറ്റക്കാരല്ല എന്ന് കണ്ടെത്തിയതായും അതിനാല്‍ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുകയാണെന്നും ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് രണ്ട് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ജെയ്പൂരിലെ മാര്‍ക്കറ്റില്‍ നിന്നും ഹരിയാനയിലേക്ക് പശുക്കളെ കൊണ്ടുവരുന്നതിനിടെ ഏപ്രില്‍ 11ന് അല്‍വാരിന് അടുത്ത് വെച്ചാണ് പെഹ്ലു ഖാന്‍ ആക്രമിക്കപ്പെട്ടത്. പശുക്കളെ കടത്തുന്നതിന് ആവശ്യമായ രേഖകള്‍ പെഹ്ലു ഖാന്റെ കൈവശമുണ്ടായിരുന്നു. അക്രമികള്‍ പരസ്പരം പേര് വിളിച്ച് പറഞ്ഞതായി പെഹ്ലു ഖാന്റെ മകന്‍ ഇര്‍ഷാദ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇര്‍ഷാദിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടാണ് പൊലീസ് ആറു പ്രതികളെയും വെറുതെ വിടുന്നതെന്നും ഇവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഇര്‍ഷാദ് ഖാന്‍ പറയുന്നു. ആശുപത്രിയില്‍ പെഹ്ലുഖാന്‍ നല്‍കിയ മൊഴിപ്രകാരമാണ് വിട്ടയച്ച ആറുപ്രതികള്‍ക്കും മറ്റ് 200ഓളം പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ എടുത്തിരുന്നത്. രാജസ്ഥാനിലെ ആല്‍വാറില്‍ ഏപ്രില്‍ ഒന്നിനാണ് ഹരിയാണ സ്വദേശിയായ പെഹ്ലുഖാന്‍ കൊല്ലപ്പെട്ടത്. കര്‍ഷകനായ അദ്ദേഹവും സംഘവും കൃഷിയിടത്തിലേക്ക് പശുക്കളെ ട്രക്കില്‍ കൊണ്ടുവരവേ വി.എച്ച്.പി.ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പശുക്കടത്ത് ആരോപിച്ച് അടിക്കുകയായിരുന്നു.

chandrika: