ഷില്ലോങ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ സാമ്പത്തികതട്ടിപ്പു നടത്തിയ സംഭവത്തിലാണ് മോദിയെ കളിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ‘ഞങ്ങള്‍ എല്ലാവര്‍ക്കുംവേണ്ടി ഈ മോദിയോടു (പ്രധാനമന്ത്രി) അഭ്യര്‍ഥിക്കുകയാണ്, മറ്റേ മോദിയെ (നീരവ്) വിദേശയാത്ര കഴിഞ്ഞു മടങ്ങിവരുമ്പോള്‍ കൂടെ കൊണ്ടുവരണം. ജനങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം തിരിച്ചുകിട്ടിയാല്‍ രാജ്യം താങ്കളോടു വളരെയധികം നന്ദിയുള്ളവരായിരിക്കും’രാഹുല്‍ പറഞ്ഞു. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്്്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്നങ്ങള്‍ കൊണ്ടുണ്ടാക്കിയത് എന്ന അവകാശവാദത്തോടെയാണു നീരവ് മോദി വജ്രം വില്‍ക്കുന്നത്. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ സ്വപ്നങ്ങള്‍ നല്‍കി ഉറക്കിക്കിടത്തി പൊതുപണവുമായി അയാള്‍ കടന്നുകളഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പു മറ്റൊരു മോദി (പ്രധാനമന്ത്രി) ഇന്ത്യക്കാര്‍ക്കു സ്വപ്നങ്ങള്‍ വിറ്റു. ‘അച്ഛേ ദിന്‍’, എല്ലാവരുടെ ബാങ്ക് അക്കൗണ്ടിലും 15 ലക്ഷം, രണ്ടു കോടി തൊഴിലവസരം.. അങ്ങനെ നിരവധി സ്വപ്നങ്ങള്‍ രാഹുല്‍ വിശദീകരിച്ചു.
ജനങ്ങളുടെ പണം ബാങ്കിലിടാന്‍ നിര്‍ബന്ധിച്ച പ്രധാനമന്ത്രി ആ പണം കൊള്ളയടിച്ചിട്ടും മറുപടി പറയുന്നില്ലെന്നു കഴിഞ്ഞ ദിവസവും രാഹുല്‍ ആരോപിച്ചിരുന്നു. അതേസമയം, പഞ്ചാബ് നാഷനല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പു നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
മേഘാലയയില്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ നേതൃത്വത്തില്‍ വലിയ വികസനമാണു നടന്നിട്ടുള്ളത്. രാജ്യത്തെ കഠിനാധ്വാനികളായ മുഖ്യമന്ത്രിമാരില്‍ ഒരാളാണു സാങ്മ. ബിജെപിയുടെ ബി ടീമായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കു (എന്‍പിപി) ജനം വോട്ടു ചെയ്യരുതെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. ഈമാസം 27നാണു മേഘാലയയില്‍ തിരഞ്ഞെടുപ്പ്.