ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം സ്റ്റീവ് ജെറാര്‍ഡ് 19 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് വിരമിച്ചത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 710 മത്സരങ്ങളിലാണ് ജെറാര്‍ഡ് ബൂട്ടണിഞ്ഞത്.
ഇക്കാലയളവില്‍ ഒമ്പത് മേജര്‍ കിരീടങ്ങള്‍ ടീമിന് നേടിക്കൊടുക്കാന്‍ 36കാരനായി. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റനെന്ന ഖ്യാതിയും ഈ മിഡ്ഫീല്‍ഡര്‍ക്ക് തന്നെ. പ്രീമിയര്‍ ലീഗ് വിട്ട ശേഷം താരം അമേരിക്കന്‍ ക്ലബ് ലോസ് ആഞ്ചലസ് ഗ്യാലക്‌സിയുടെ ജഴ്‌സിയുമണിഞ്ഞു.
പ്രീമിയര്‍ ലീഗില്‍ 120 ഗോളുകളാണ് ജെറാര്‍ഡിന്റെ സമ്പാദ്യം. ഗ്രൗണ്ടില്‍ ജെറാര്‍ഡിന്റെ ചടുലത പോലെ ഒന്നിനൊന്ന് മികച്ച മനോഹര ഗോളുകള്‍. അതില്‍, ലൈവ് സോക്കര്‍ ടിവി ഡോട്ട്‌കോമുമായി ചേര്‍ന്ന് ജെറാര്‍ഡ് തെരഞ്ഞെടുത്ത പ്രിയ ഗോള്‍ കാണാം.
2005ല്‍ മിഡില്‍സ്‌ബ്രോക്കെതിരായ മത്സരത്തിലായിരുന്നു ഫുട്‌ബോള്‍ പണ്ഡിതരെ വിസ്മയിപ്പിച്ച ഈ ഗോള്‍. സ്വന്തം ഹാഫില്‍ നിന്ന് ലഭിച്ച ഹൈബോള്‍ പാസ് സ്വീകരിച്ച്, നെഞ്ചില്‍ കണ്‍ട്രോള്‍ ചെയ്ത് 40 വാര അകലെയുള്ള പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ പിറന്നത് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായിരുന്നു.