ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഇന്ന് അഗ്നിപരീക്ഷണം. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജര്‍മനിയിലെ കരുത്തരായ ബൊറുഷ്യ ഡോട്മുണ്ടിനെ അവരുടെ തട്ടകത്തിലാണ് സ്പാനിഷ് വമ്പന്മാര്‍ക്ക് നേരിടാനുള്ളത്. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ടോട്ടനം ഹോട്‌സ്പര്‍, ഇറ്റാലിയിലെ നാപോളി, സ്പാനിഷ് ക്ലബ്ബ് സെവിയ്യ, ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോ എന്നിവരും ഇന്ന് യൂറോപ്യന്‍ മത്സരത്തിന് ഇറങ്ങുന്നുണ്ട്.
കഴിഞ്ഞ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലും റയല്‍ മാഡ്രിഡും ഡോട്മുണ്ടും ഒരേ ഗ്രൂപ്പിലായിരുന്നു. രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചപ്പോള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായാണ് റയല്‍ നോക്കൗട്ടില്‍ പ്രവേശിച്ചത്. ഇത്തവണ എച്ച് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സൈപ്രസ് ക്ലബ്ബ് അപോള്‍ നിക്കോസ്യയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് റയല്‍ ചാമ്പ്യന്‍സ് ലീഗ് പടയോട്ടം ആരംഭിച്ചപ്പോള്‍ ഡോട്മുണ്ട് ടോട്ടനം ഹോട്‌സ്പറിനോട് 3-1 ന് തോല്‍ക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സമ്മര്‍ദമൊഴിവാക്കാന്‍ റയല്‍ ശ്രമിക്കുമ്പോള്‍ ആദ്യ പോയിന്റാവും ഡോട്മുണ്ടിന്റെ ലക്ഷ്യം. ജര്‍മന്‍ ക്ലബ്ബിന് കാണികളുടെ പിന്തുണ നിര്‍ലോഭം ലഭിക്കുന്ന സിഗ്നല്‍ ഇഡ്യുന പാര്‍ക്കില്‍ മൂന്ന് പോയിന്റും നേടുക എന്നത് റയലിന് എളുപ്പമാവില്ല. ജര്‍മന്‍ ബുണ്ടസ്‌ലിഗയില്‍ ആറു കളികളില്‍ അഞ്ചും ജയിച്ച് ഒന്നാം സ്ഥാനത്താണെന്നത് ഡോട്മുണ്ടിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകരുമ്പോള്‍ സ്പാനിഷ് ലീഗില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ റയലിന് കഴിഞ്ഞിട്ടില്ല.
ഇതേ ഗ്രൂപ്പില്‍ അപോളിനെ അവരുടെ ഗ്രൗണ്ടില്‍ നേരിടുന്ന ടോട്ടനം ഹോട്‌സ്പറിന് കാര്യമായ ആശങ്കകള്‍ ഇല്ല. വെംബ്ലി സ്റ്റേഡിയത്തില്‍ ഹാരി കെയ്‌നിന്റെ ഇരട്ട ഗോള്‍ മികവില്‍ ഡോട്മുണ്ടിനെ വീഴ്ത്തിയ അവര്‍ക്ക് ഗ്രൂപ്പിലെ അതിജീവനം ഉറപ്പാക്കണമെങ്കില്‍ ദുര്‍ബലരായ അപോളിനെതിരെ പരമാവധി പോയിന്റ് സ്വന്തമാക്കിയാലേ കഴിയൂ. സ്വന്തം ഗ്രൗണ്ടില്‍ ഒമ്പത് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അപോള്‍ ഇന്നേവരെ ഗോള്‍ വഴങ്ങാതിരുന്നിട്ടില്ല.
പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം ഗ്രൗണ്ടില്‍ ഉക്രെയ്ന്‍ ക്ലബ്ബായ ഷാഖ്തര്‍ ഡൊണസ്‌ക് ആണ് എതിരാളികള്‍. സ്വന്തം ഗ്രൗണ്ടില്‍ നാപോളിയെ വീഴ്ത്തി അത്ഭുതം കാട്ടിയ ഷാഖ്തര്‍ ഇംഗ്ലണ്ടിലും അത് ആവര്‍ത്തിക്കാനുള്ള ശ്രമമാവും നടത്തുക. എവേ മത്സരത്തില്‍ ഫെയനൂര്‍ദിനെ നാലു ഗോൡന് മുക്കി ടൂര്‍ണമെന്റ് ആരംഭിച്ച സിറ്റിക്ക് ജയത്തില്‍ക്കുറഞ്ഞ ഒന്നും ലക്ഷ്യമല്ല. ഇതിനു മുമ്പ് ഇംഗ്ലണ്ടില്‍ കളിച്ച നാല് മത്സരവും തോല്‍ക്കുകയാണുണ്ടായതെന്ന റെക്കോര്‍ഡ് തിരുത്തുക ഷാഖ്തറിന് എളുപ്പമാവില്ല. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ നാപോളി സ്വന്തം തട്ടകത്തില്‍ ഫെയനൂര്‍ദിനെ നേരിടും.
ആദ്യ മത്സരത്തില്‍ സെവിയ്യക്കെതിരെ 2-2 സമനില വഴങ്ങിയ ലിവര്‍പൂള്‍ ആദ്യ ജയം തേടി സ്പാര്‍ടക് മോസ്‌കോയെ നേരിടും. ഇംഗ്ലീഷ് ലീഗ് കപ്പില്‍ തങ്ങളെ പുറത്താക്കിയ ലെസ്റ്റര്‍ സിറ്റിക്ക് മൂന്നു ദിവസത്തിനുള്ളില്‍ പ്രീമിയര്‍ ലീഗില്‍ മറുപടി നല്‍കിയതിന്റെ ത്രില്ലിലാണ് ലിവര്‍പൂള്‍. സൂപ്പര്‍ താരം ഫിലിപ് കുട്ടിന്യോ ഫോമിലെത്തിയെന്നത് യുര്‍ഗന്‍ ക്ലോപ്പിന്റെ കണക്കുകൂട്ടലുകള്‍ക്ക് ബലം പകരും. മറ്റൊരു മത്സരത്തില്‍ ദുര്‍ബലരായ മരിബോറിനെ സെവിയ്യ നേരിടും.
തുര്‍ക്കി ക്ലബ്ബ് ബേസിക്തസ്, ജര്‍മനിയില്‍ നിന്നുള്ള ആര്‍.ബി ലീപ്‌സിഗ് എന്നിവര്‍ ഇസ്താംബൂളില്‍ ഏറ്റുമുട്ടുമ്പോള്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോയും പോര്‍ച്ചുഗലിലെ കരുത്തരായ എഫ്.സി പോര്‍ട്ടോയും തമ്മിലാണ് മറ്റൊരു മത്സരം.
- 7 years ago
chandrika
Categories:
Video Stories